ആരാണ് തിലക് മേത്ത? 13-ാം വയസ്സിൽ കമ്പനി, 100 കോടി രൂപയുടെ വിറ്റുവരവ്
Youngest Indian entrepreneur Tilak Mehta has a 100 crore turnover company : വ്യവസായ മേഖലയിൽ വിജയം കൈവരിക്കാൻ പ്രായവും പാരമ്പര്യവും ഒരു മാനദണ്ഡമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് കുട്ടി സംരംഭകനായ തിലക് മേത്ത. പ്രായം കൊണ്ട് 13 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥി ആയതിനാൽ, തിലകിനെ ‘കുട്ടി’ എന്ന് വിളിക്കാമെങ്കിലും, വ്യവസായ രംഗത്ത് തിലക് ഒരു ‘പുലി’ തന്നെയാണ്.
ഒരിക്കൽ തിലക് അവന്റെ അമ്മാവന്റെ വീട്ടിൽ താമസിക്കാൻ പോയതായിരുന്നു, തിരിച്ച് സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് അവന് ഒരു കാര്യം മനസ്സിലായത്, തന്റെ പാഠപുസ്തകങ്ങൾ താൻ അമ്മാവന്റെ വീട്ടിൽ മറന്നു വെച്ചിരിക്കുന്നു. പരീക്ഷ അടുത്തതിനാൽ തന്നെ പുസ്തകം ഉടനടി വേണമായിരുന്നു, തുടർന്ന് തിലക് നിരവധി പാഴ്സൽ കേന്ദ്രങ്ങളിൽ അന്വേഷിച്ചു. ആരും തന്നെ, വേഗത്തിൽ പാഴ്സൽ എത്തിക്കാൻ തയ്യാറായില്ല.
ഈ മറവിയാണ് തിലകിന് ഒരു ബിസിനസ് ഐഡിയ പകർന്നു നൽകിയത്. ഒരു ദിവസം കൊണ്ട് തന്നെ, അതിവേഗം ടൗൺ – ടൗൺ പാഴ്സൽ സർവീസ്. ജനങ്ങൾക്ക് ഉപകാരപ്രദമാകും എന്നതിനാൽ തന്നെ, ഇത് വിജയിക്കുമെന്ന് തിലകിന് ഉറപ്പുണ്ടായിരുന്നു. പിന്നീട് അവൻ ഇതിനായി പരിശ്രമം നടത്തി, തിലകിന്റെ പിതാവ് ആദ്യ ഇൻവെസ്റ്റ്മെന്റ് നൽകി. 2018-ൽ ‘പേപ്പർ എൻ പാർസൽസ്’ എന്ന സംരംഭത്തിന് തുടക്കമായി.
2021-ലെ കണക്ക് പ്രകാരം തിലകിന്റെ ആസ്തി 65 കോടി രൂപയാണ്. ‘പേപ്പർ എൻ പാർസൽസ്’ ഇന്ന് മാസം രണ്ട് കോടി രൂപയിൽ അധികം വരുമാനം ഉണ്ടാക്കുന്നു. ഇതുവരെ ഏകദേശം 100 കോടി രൂപയുടെ വിറ്റു വരവാണ് ‘പേപ്പർ എൻ പാർസൽസ്’ രേഖപ്പെടുത്തുന്നത്. വ്യത്യസ്തമായ ആശയം, കൃത്യമായ പ്ലാനിങ്, വ്യക്തമായ ആസൂത്രണത്തോടെയുള്ള പ്രക്രിയ, ഇതെല്ലാം ഉണ്ടെങ്കിൽ ആർക്കും ഒരു വ്യവസായം വിജയകരമാക്കാം എന്നതിന്റെ ഉദാഹരണമാണ് തിലക് മേത്ത.
Read Also: പ്രവാസികൾക്ക് ഇനി കപ്പൽ യാത്ര, വിമാന ടിക്കറ്റ് നിരക്കിന്റെ മൂന്നിലൊന്ന് ചിലവ്