കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നെങ്കിലും, മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഗോൾഡൻ ഡക്കിന് പുറത്തായത് അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്നത് ആയിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജു ബൗൾഡ് ആയതോടെ, സാമൂഹ്യ മാധ്യമങ്ങളിൽ ഒരു കൂട്ടം ആളുകളുടെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും
വിധേയനായി കൊണ്ടിരിക്കുകയാണ് സഞ്ജു സാംസൺ. എന്താണ് ഇതിന്റെ ആധാരം എന്ന് പരിശോധിക്കാം – സഞ്ജു സാംസണ് ടീം ഇന്ത്യ മതിയായ അവസരങ്ങൾ നൽകുന്നില്ല എന്ന വിമർശനം ഒരുപാട് കാലമായി അദ്ദേഹത്തിന്റെ ആരാധകർ ഉയർത്തുന്നതാണ്. ഐസിസി ടി20 ലോകകപ്പ് സ്ക്വാഡിൽ അംഗമായ സഞ്ജുവിന്, ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. നിലവിൽ നടക്കുന്ന ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ ഉൾപ്പെടുത്തിയപ്പോൾ, ഏകദിന സ്ക്വാഡിൽ അദ്ദേഹത്തെ പരിഗണിച്ചില്ല. അതേസമയം,
പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ സഞ്ജുവിനെ കളിപ്പിക്കാതിരിക്കുകയും കൂടി ചെയ്തതോടെ, ആരാധകരോഷം വലിയ രീതിയിൽ പ്രകടമായിരുന്നു. എന്നാൽ, ശുഭ്മാൻ ഗില്ലിന് പരിക്കേറ്റത്തോടെ രണ്ടാം മത്സരത്തിൽ അവസരം ലഭിച്ച സഞ്ജു, അത് വേണ്ടവിധത്തിൽ മുതലെടുത്തില്ല എന്നാണ് വിമർശകരുടെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ആധാരം. യഥാർത്ഥത്തിൽ സഞ്ജു ഇത്തരം പരിഹാസങ്ങൾക്ക് വിധേയനാകേണ്ടതുണ്ടോ? ഒരിക്കലും ഇത് നീതിയല്ല.
ഒരു മത്സരത്തിൽ ഒരു ബാറ്റർ ഗോൾഡൻ ഡക്ക് ആകുന്നത് എല്ലാം സാധാരണമാണ്. എന്നാൽ ഇവിടെ സഞ്ജുവിന്റെ കാര്യത്തിൽ ഇത് പ്രത്യേകമാകുന്നത് എന്തെന്നാൽ, അദ്ദേഹത്തിന് വല്ലപ്പോഴും മാത്രമേ ടീം മാനേജ്മെന്റ് കളിക്കാൻ അവസരം നൽകുന്നുള്ളൂ. അതുകൊണ്ടുതന്നെ അദ്ദേഹം മോശം പ്രകടനം നടത്തുന്നത് എടുത്തു കാണിക്കുന്നു. ഇത് കൂടാതെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ സാഹചര്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. തനിക്ക് അത്ര പരിചിതമല്ലാത്ത ഓപ്പണർ പൊസിഷനിൽ ആണ് സഞ്ജു കളിക്കാൻ എത്തിയത്.
മഴമൂലം നിർത്തിവെച്ച കളി പിന്നീട് പുനരാരംഭിക്കുമ്പോൾ, 8 ഓവർ ആക്കി ചുരുക്കിയിരിക്കുന്നു എന്ന് മാത്രമല്ല മൈതാനം നനഞ്ഞിരിക്കുന്നു. ആദ്യ ഓവറിലെ രണ്ടാം ബോളിൽ യശാവി ജയിസ്വാൾ പൂജ്യം റൺസിന് പുറത്താകാതിരുന്നത് ശ്രീലങ്കയുടെ മോശം ഫീൽഡിംഗ് കൊണ്ട് മാത്രമാണ്. ഇന്നിംഗ്സിന്റെ രണ്ടാം ഓവർ എറിയാൻ എത്തിയ സ്പിന്നർ തീക്ഷണയുടെ ആദ്യ പന്തിലാണ് സഞ്ജു ബൗൾഡ് ആയത്. തീക്ഷണയുടെ തൊട്ടടുത്ത ബോൾ സൂര്യകുമാർ യാദവിനെ ഭയപ്പെടുത്തി കൊണ്ടാണ് സ്റ്റമ്പിന് അരികിലൂടെ പോയത്. അതുകൊണ്ട് ഇതെല്ലാം ചില സാഹചര്യങ്ങളുടെ കൂടി ഫലമാണ്. തീർച്ചയായും സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ടീമിൽ ലഭിക്കുക തന്നെ വേണം. Unfair criticism on performance of Sanju Samson