ടി20 ലോകകപ്പിനും, തുടർന്ന് നടന്ന ടി20 – ഏകദിന പരമ്പരകൾക്കും ശേഷം ഇന്ത്യ ഇനി ടെസ്റ്റ് ക്രിക്കറ്റിന്റെ ചൂടിലേക്ക് കടക്കുകയാണ്. സെപ്റ്റംബർ മാസത്തിൽ ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. രണ്ട് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരക്ക് സെപ്റ്റംബർ 19-ന് തുടക്കമാകും. ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ് ഇത്.
അതുകൊണ്ട് തന്നെ ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിൽ എന്തെല്ലാം മാറ്റങ്ങൾ ആകും ഗംഭീർ കൊണ്ടുവരിക എന്നറിയാൻ ഇന്ത്യൻ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അടുത്തിടെ, ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ താരങ്ങൾക്ക് അവസരം നൽകും എന്ന് ഗംഭീർ സൂചിപ്പിച്ചിരുന്നു. മാത്രമല്ല എല്ലാ ഇന്ത്യൻ കളിക്കാരും മൂന്ന് ഫോർമാറ്റിലും എല്ലായിപ്പോഴും കളിക്കാൻ സജ്ജരായിരിക്കണം എന്ന നിർദ്ദേശവും ഗംഭീർ നേരത്തെ നൽകിയിട്ടുണ്ട്.
ഇപ്പോൾ, ഇന്ത്യയുടെ ടി20 സ്പെഷലിസ്റ്റ് ബാറ്റർ സൂര്യകുമാർ യാദവ്, അദ്ദേഹത്തിന് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. മുംബൈയിൽ നടക്കുന്ന ബുച്ചി ബാബു ടൂർണ്ണമെന്റ് കളിക്കാൻ തയ്യാറാണ് എന്ന് അറിയിച്ച സൂര്യകുമാർ യാദവ്, മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് പ്രസ്താവിക്കുകയും ചെയ്തു. അതേസമയം, മലയാളി താരം സഞ്ജു സാംസനും മൂന്ന് ഫോർമാറ്റിലും കളിക്കാനുള്ള തന്റെ സന്നദ്ധതയും കഴിഞ്ഞ ദിവസം അറിയിച്ചു.
പരമാവധി രഞ്ജി മത്സരങ്ങൾ കളിക്കും എന്നും, ഏത് ഫോർമാറ്റിലും കളിക്കാൻ താൻ തയ്യാറാണ് എന്നും കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സഞ്ജു പ്രതികരിക്കുകയുണ്ടായി. അതേസമയം, നേരത്തെ അവസരം ലഭിച്ചിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ മികവ് കാട്ടാൻ സാധിക്കാതെ പോയ സൂര്യകുമാർ യാദവിന് ആകുമോ, ടെസ്റ്റ് അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന സഞ്ജുവിന് ആകുമോ ഗംഭീർ അവസരം നൽകുക എന്ന് കാത്തിരുന്ന് കാണാം. Suryakumar Yadav and Sanju Samson eye test cricket under Gautam Gambhir