Suresh Gopi daughter Bhagya Suresh marriage certificate Kerala K Smart: കഴിഞ്ഞ ദിവസമാണ് നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ഗുരുവായൂർ അമ്പലത്തിൽ വച്ച് നടന്നത്. പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത വിവാഹ ചടങ്ങ്, വളരെയധികം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ, ഭാഗ്യയുടെ വിവാഹത്തിൽ സംസ്ഥാന സർക്കാരിന്റെ ഒരു സേവനം ശ്രദ്ധ നേടുകയാണ്.
വിവാഹിതരായ ഭാഗ്യക്കും ശ്രേയസ് മോഹനും അന്നേദിവസം തന്നെ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കുകയുണ്ടായി. അതും, 30 മിനിറ്റ് കൊണ്ടാണ് ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ‘കെ സ്മാർട്ട്’ എന്ന പദ്ധതിയാണ് നഗരസഭകളെ വേഗത്തിൽ ഇത്തരം സേവനങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നതിന് പ്രാപ്തരാക്കിയിരിക്കുന്നത്.
സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്, ഭാഗ്യ സുരേഷിനും ശ്രേയസ് മോഹനും വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു, “ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി.
ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്. കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ്.” സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതി നവദമ്പതിമാരെ സംബന്ധിച്ചിടത്തോളം വളരെ സഹായകരമായത്.