“ഓസ്ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല” ഭ്രമയുഗം കണ്ട ശേഷം മമ്മൂട്ടിയെ കുറിച്ച് സ്വാമി സന്ദീപാനന്ദ ഗിരി
Spiritual leader applauds Mammootty stellar act in Bramayugam: മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഭ്രമയുഗം’ ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധ നേടിയ ചിത്രം പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുമ്പോൾ, മമ്മൂട്ടി എന്ന അഭിനേതാവിന്റെ കരിയറിൽ
മറ്റൊരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്. ഇപ്പോൾ, ദി സ്കൂൾ ഓഫ് ഭഗവത്ഗീത ട്രസ്റ്റിന്റെ ചെയർമാനും അധ്യാപകനുമായ സ്വാമി സന്ദീപാനന്ദ ഗിരി, ‘ഭ്രമയുഗം’ കണ്ട ശേഷം മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘ഭ്രമയുഗം’ ഒരു ക്ലാസിക് സിനിമയാണ് എന്ന് പറഞ്ഞ സന്ദീപാനന്ദ ഗിരി, മമ്മൂട്ടിയെ ഇന്ത്യൻ സിനിമയുടെ അഭിമാനം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകളിലെ പ്രധാന ഭാഗം നോക്കാം,
“‘ഭ്രമയുഗം’ ഒരു ക്ലാസിക്ക് സിനിമയാണ്, ഈയാം പാറ്റ അഗ്നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തിൽ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ. ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി,പച്ച മഞ്ഞ ചുവപ്പ്, അന്ധർ ബധിരർ മൂകർ,മാമ ആഫ്രിക്ക, എന്നീ ക്ളാസിക്കുകൾ മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയായ ടി.ഡി.രാമകൃഷ്ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്! മഹത്തായ ആശയങ്ങൾ ഗർഭം ധരിച്ചിരിക്കുന്നു ഓരോരുത്തരുടേയും വാക്കുകളിൽ!
ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു. ഓസ്ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല. അർജുൻ അശോകൻ, സിദ്ധാർഥ്, അമൽഡ ലിസ്, ഏല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു. സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു. ഒപ്പം അണിയറയിലെ എല്ലാ പ്രവർത്തകർക്കും നമോവാകം!”