Sheetal Shyam stands firm amid cyber backlash over Shobana remark: സാമൂഹിക – സാംസ്കാരിക – കലാപ്രവർത്തകയായ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം അടുത്തിടെ നടത്തിയ ഒരു പ്രസ്താവന ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നടിയും നടത്തുകയുമായ ശോഭനയുമായി ബന്ധപ്പെട്ട് ശീതൾ സോഷ്യൽ മീഡിയയിൽ കുറിച്ച ഒരു വാചകമാണ് ചർച്ചകൾക്ക് ആധാരമായത്.
പ്രധാനമന്ത്രി പങ്കെടുത്ത നാരിശക്തി പരിപാടിയിൽ ശോഭന അതിഥിയായി എത്തിയതിന് പിന്നാലെ, “ഒരാളും ഇനി കാണുമ്പോൾ ശോഭനയെ പോലെ ഉണ്ട് കാണാൻ എന്ന് പറയരുത്,” എന്നാണ് ശീതൾ പ്രതികരിച്ചത്. ഇതിന് പിന്നാലെ സൈബർ ആക്രമണത്തിന് ശീതൾ ഇരയാവുകയും ചെയ്തു. എന്നാൽ, താൻ ശോഭന എന്ന വ്യക്തിയെ മോശമായി ചിത്രീകരിക്കാനോ, അപകീർത്തിപ്പെടുത്താനോ ശ്രമിച്ചതല്ല എന്നും
മറിച്ച് ശോഭനയുടെ നിലപാടില്ലായ്മയെ വിമർശിച്ചതാണ് എന്നും പല അഭിമുഖങ്ങളിലൂടെ ശീതൾ വ്യക്തമാക്കി. യഥാർത്ഥത്തിൽ, ശീതൾ തന്റെ വാചകത്തിലൂടെ ഉന്നയിച്ച വിമർശനത്തെ, മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചു കൊണ്ടാണ് സാമൂഹ്യവിരുദ്ധർ ശീതളിനെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടത്. എന്തുതന്നെയായാലും, ഇതൊന്നും തന്നെ തളർത്തില്ല എന്ന ആത്മവിശ്വാസം ശീതൾ പ്രകടിപ്പിക്കുന്നു.
ഒരു അഭിനേത്രി കൂടിയാണ് ശീതൾ ശ്യാം. മലയാള സിനിമകളായ ‘ആഭാസം’, ‘കിർക്കൻ’ തുടങ്ങിയവയിൽ ശീതൾ അഭിനയിച്ചിട്ടുണ്ട്. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ സ്വന്തമായ അഭിപ്രായം പ്രകടിപ്പിക്കാറുള്ള ശീതൾ, തന്റെ കമ്മ്യൂണിറ്റിയുടെ പ്രശ്നങ്ങൾ പുറത്തുകൊണ്ടു വരുന്നതിലും വലിയ പങ്ക് വഹിക്കുന്ന വ്യക്തിയാണ്.