സഞ്ജു സാംസണ് സൂപ്പർ ഡ്യൂപ്പർ ഫിഫ്റ്റി, തകർന്നടിഞ്ഞ ഇന്ത്യക്ക് കരുത്തായി മലയാളി ഹീറോ

സിംബാബ്‌വെക്കെതിരായ അഞ്ചാം ടി20 മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. നാലാമനായി ക്രീസിൽ എത്തിയ സഞ്ജു സാംസൺ, നിർണായക ഘട്ടത്തിൽ ഇന്ത്യയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ഒരു വേളയിൽ 40-3 എന്ന നിലയിലേക്ക് പതുങ്ങിയപ്പോൾ, 

സഞ്ജു സാംസന്റെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ കര കയറ്റിയത്. 45 പന്തിൽ 128.89 സ്ട്രൈക്ക് റേറ്റോടെ 58 റൺസ് ആണ് സഞ്ജു സാംസൺ സ്കോർ ചെയ്തത്. ഒരു ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. നാലാം വിക്കറ്റിൽ റിയാൻ പരാഗിനെ (22) കൂട്ടുപിടിച്ച് 65 റൺസിന്റെ നിർണായക പാർട്ണർഷിപ്പ് സഞ്ജു സൃഷ്ടിച്ചു. ഒടുവിൽ, മുസറബാനിയുടെ ബോളിൽ മറുമാനിക്ക് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. 

മത്സരത്തിന്റെ ആദ്യ ബോളുകളിൽ തന്നെ സിക്സർ പറത്തി ആക്രമിച്ചു കളിച്ച ഓപ്പണർ യശസ്വി ജയിസ്വാൾ (5 പന്തിൽ 12) ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ പുറത്തായ ശേഷം, നാലാം ഓവറിൽ അഭിഷേക് ശർമയും (14), അഞ്ചാം ഓവറിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (13) യഥാക്രമം കൂടാരം കയറി. പവർപ്ലേയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ ഒന്ന് കിതച്ചെങ്കിലും, സഞ്ജു നൽകിയ ഇന്ധനം ഇന്ത്യൻ ടീമിന്റെ ടോട്ടൽ മികച്ച നിലയിൽ എത്തിക്കാൻ സഹായകരമായി. 

ശിവം ഡ്യൂബെ (12 പന്തിൽ 26), റിങ്കു സിംഗ് (11) എന്നിവരുടെ സംഭാവനകൾ കൂടി ചേർന്നപ്പോൾ, ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എന്ന ടോട്ടൽ കണ്ടെത്തി. സിംബാബ്‌വെ ബൗളർമാരിൽ മുസറബാനി രണ്ടു വിക്കറ്റുകളും, ക്യാപ്റ്റൻ സിക്കന്ദർ റാസ, ന്ഗാർവ, മാവുതാ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി. ആതിഥേയരായ സിംബാബ്‌വെക്കെതിരെ 167 റൺസ് പ്രതിരോധിക്കുക എന്ന ലക്ഷ്യമാണ് ഇനി ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ഉള്ളത്. Sanju Samson fifty India vs Zimbabwe

Indian Cricket TeamSanju SamsonZimbabwe
Comments (0)
Add Comment