കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണ് വേണ്ടിയുള്ള താരലേലം ഇന്ന് നടന്നു. 6 ഫ്രാഞ്ചൈസികൾ പങ്കെടുത്ത താര ലേലത്തിൽ, പ്രതിപാദനരായ മലയാളി ക്രിക്കറ്റർമാരെ വലിയ പ്രതിഫലം നൽകി സ്വന്തമാക്കാൻ ഓരോരുത്തരും മത്സരിച്ചു. ഇതിന്റെ ഫലം എന്നോണം, ഏറ്റവും ഉയർന്ന അടിസ്ഥാന വില രണ്ട് ലക്ഷം രൂപ ആയിരുന്നിട്ടു പോലും, ഏഴ് ലക്ഷത്തിലധികം തുക നൽകിയാണ്
പല താരങ്ങളെയും ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസൺ, കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണിൽ ഭാഗമാകില്ല. നേരത്തെ എല്ലാ ഫ്രാഞ്ചൈസികളും ഐക്കൺ താരങ്ങളെ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇക്കാര്യം വ്യക്തമായിരുന്നെങ്കിലും, താര ലേലം കൂടി കഴിഞ്ഞതോടെ ഇത് ഉറപ്പായി. അതേസമയം സഞ്ജു സാംസന്റെ സഹോദരൻ, സാലി സാംസൺ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകും. കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ് ബാറ്ററെ സ്വന്തമാക്കിയത്.
കേരളത്തിലെ പ്രാദേശിക ടൂർണമെന്റ്കളിൽ സജീവമായ താരത്തെ, അമ്പതിനായിരം രൂപക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. തീർച്ചയായും തന്റെ ജ്യേഷ്ഠ സഹോദരനെ പോലെ തന്നെ സാലിക്കും ഒരു മികച്ച ക്രിക്കറ്റ് കരിയർ കെട്ടിപ്പടുത്താനുള്ള ബേസ് ആയി കേരള ക്രിക്കറ്റ് ലീഗ് മാറും എന്ന് പ്രതീക്ഷിക്കാം. ബേസിൽ തമ്പിയാണ് കൊച്ചി ടീമിന്റെ ഐക്കൺ താരം. മനു കൃഷ്ണൻ, അനുജ് ജ്യോതിൻ, സിജോമോൻ ജോസഫ്, ഷോൺ റോജർ, മുഹമ്മദ് ഇനാൻ തുടങ്ങിയ പ്രമുഖ താരങ്ങൾ
കൊച്ചി ബ്ലൂ ടൈഗെഴ്സിന്റെ ഭാഗമാണ്. സഞ്ജു സാംസൺ ആണ് കേരള ക്രിക്കറ്റ് ലീഗിന്റെ ഐക്കൺ. സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 18 വരെ ആണ് കേരള ക്രിക്കറ്റ് ലീഗ് സീസൺ 1 നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ദിവസവും രണ്ട് മത്സരങ്ങൾ വീതം നടക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം ആണ് മത്സരവേദിയായി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിലെ ക്രിക്കറ്റർമാരുടെ വളർച്ചക്ക് ഈ ലീഗ് സഹായകരമാകും എന്ന് തന്നെ കരുതാം. Sanju Samson brother Saly Samson join Kochi Blue tigers in Kerala Cricket League