Rohit Sharma joins elite club: ഇന്ത്യ – ഇംഗ്ലണ്ട് ടി20 ലോകകപ്പ് രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. മഴമൂലം ഇടക്ക് നിർത്തിവെച്ച മത്സരത്തിൽ, ഇന്ത്യ 13 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് ആണ് സ്കോർ ചെയ്തിരിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമയാണ് നിലവിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിരിക്കുന്നത്. ഇതോടെ പുതിയ ഒരു റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് രോഹിത്.
മത്സരത്തിൽ രോഹിത് ശർമ നിലവിൽ 37 പന്തിൽ 8 ബൗണ്ടറികളുടെ അകമ്പടിയോടെ 56 റൺസ് സ്കോർ ചെയ്ത് ക്രീസിൽ പുറത്താകാതെ തുടരുകയാണ്. ഇതോടെ, ക്യാപ്റ്റൻ എന്ന നിലയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 5000 റൺസ് പൂർത്തീകരിച്ചിരിക്കുകയാണ് രോഹിത് ശർമ. ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ 5000+ റൺസ് നേടുന്ന അഞ്ചാമത്തെ താരമായി മാറിയിരിക്കുകയാണ് രോഹിത് ശർമ. അദ്ദേഹത്തിന് മുന്നേ ഈ നേട്ടം കൈവരിച്ചവർ ആരൊക്കെ എന്ന് നോക്കാം.
മുഹമ്മദ് അസ്ഹറുദ്ദീൻ, സൗരവ് ഗാംഗുലി, എംഎസ് ധോണി, വിരാട് കോഹ്ലി എന്നിവരാണ് ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ 5000+ റൺസ് സ്കോർ ചെയ്തിട്ടുള്ള മറ്റു താരങ്ങൾ. റൺ അടിസ്ഥാനത്തിൽ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് വിരാട് കോഹ്ലിയാണ് (12883). എംഎസ് ധോണി (11207), മുഹമ്മദ് അസ്ഹറുദ്ദീൻ (8095), സൗരവ് ഗാംഗുലി (7643) എന്നിവർക്ക് പിറകിലായി ആണ് നിലവിൽ രോഹിത് ശർമ സ്ഥാനം നേടിയിരിക്കുന്നത്.
ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലേക്ക് വന്നാൽ, നിലവിൽ രോഹിത് ശർമയും സൂര്യകുമാർ യാദവും ആണ് ബാറ്റ് ചെയ്യുന്നത്. ദക്ഷിണാഫ്രിക്ക ഇതിനോടകം ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം (ഇന്ത്യ / ഇംഗ്ലണ്ട്) ജൂലൈ 29-ന് നടക്കുന്ന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടും.