Rohit Sharma and Virat Kohli announce retirement after World Cup triumph: 17 വർഷങ്ങൾക്ക് ശേഷം വീണ്ടും ടി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് ടീം ഇന്ത്യ. 2007-ലെ പ്രഥമ ടി20 ടൂർണമെന്റിൽ ജേതാക്കൾ ആയതിനുശേഷം, പിന്നീട് 2024-ലാണ് ഇന്ത്യ നേട്ടം ആവർത്തിച്ചിരിക്കുന്നത്. ടൂർണമെന്റിൽ അപരാജിതരായി കൊണ്ടാണ് ഇന്ത്യ കിരീടം ഉയർത്തിയത്. ദക്ഷിണാഫ്രിക്കെതിരെ നടന്ന ഫൈനൽ മത്സരത്തിൽ
7 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ടൂർണമെന്റിലെ ഓരോ മത്സരങ്ങളിലും വ്യത്യസ്ത താരങ്ങളാണ് മികവ് പുലർത്തിയത് എന്നത്, ഈ ലോകകപ്പ് വിജയത്തിന്റെ ക്രെഡിറ്റ് എല്ലാ താരങ്ങൾക്കുമായി നൽകുന്നു. വെറ്റെറൻ താരങ്ങളായ രോഹിത് ശർമയും, വിരാട് കോഹ്ലിയും മുതൽ യുവതാരം അർഷദീപ് സിംഗ് എല്ലാവരും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, മത്സരശേഷം ഇന്ത്യൻ ക്രിക്കറ്റ് ലോകം ആകെ സന്തോഷത്തിൽ തിമിർക്കുന്നവേളയിൽ,
രണ്ട് പ്രഖ്യാപനങ്ങൾ എത്തുകയുണ്ടായി. എംഎസ് ധോണിക്ക് ശേഷം ഇന്ത്യയെ വീണ്ടും ഒരു ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കുന്നു. ഇനി അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ താൻ ഉണ്ടാകില്ല എന്ന് രോഹിത് മത്സരശേഷം പ്രഖ്യാപിച്ചു. അതേസമയം, ഈ ലോകകപ്പ് ഫൈനൽ തന്റെ അവസാനത്തെ അന്താരാഷ്ട്ര ടി20 മത്സരം ആയിരിക്കും എന്ന് വിരാട് കോഹ്ലിയും പ്രഖ്യാപിച്ചു.
159 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള രോഹിത് ശർമ 4231 റൺസ് നേടിയിട്ടുണ്ട്. 5 സെഞ്ച്വറികളും 32 അർദ്ധ സെഞ്ച്വറികളും നേടിയ രോഹിത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ 121* ആണ്. ഒരു വിക്കറ്റും രോഹിത് നേടിയിട്ടുണ്ട്. അതേസമയം, 125 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് 4188 റൺസ് ആണ് കോഹ്ലിയുടെ സമ്പാദ്യം. ഒരു സെഞ്ചുറിയും 38 അർദ്ധ സെഞ്ച്വറികളും നേടിയ കോഹ്ലിയുടെ ഉയർന്ന സ്കോർ 122* ആണ്. 4 വിക്കറ്റുകളും കോഹ്ലി നേടിയിട്ടുണ്ട്.