വരദരാജ മന്നാർ പണി തുടങ്ങി, സലാർ അപ്ഡേറ്റ് പങ്കുവെച്ച് പൃഥ്വിരാജ്
Prithviraj give Salaar movie update : പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രമായ ‘സലാർ’ റിലീസിന് തയ്യാറെടുക്കുകയാണ്. ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിച്ച ‘സലാർ : പാർട് 1 – സീസ്ഫയർ’ എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
ഈ വർഷത്തെ ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22-ന് ‘സലാർ’ റിലീസ് ചെയ്യും എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിൽ ദേവ എന്ന കഥാപാത്രത്തെ ആണ് പ്രഭാസ് അവതരിപ്പിക്കുന്നത്. അതേസമയം, നെഗറ്റീവ് ഷെയ്ഡ് ഉള്ള വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇപ്പോൾ, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാകാൻ
പൃഥ്വിരാജ് സുകുമാരൻ മുംബൈയിലേക്ക് പോയിരിക്കുകയാണ്. ഡിസംബർ 1-നാണ് ‘സലാർ’-ന്റെ ട്രെയിലർ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ, ഇന്ന് (ഡിസംബർ 2) പൃഥ്വിരാജ് താൻ മുംബൈയിലേക്ക് പോവുകയാണ് എന്ന് ആരാധകരോട് പങ്കുവെച്ചു. അടുത്ത കുറച്ച് ദിവസങ്ങൾ ക്യാമറക്ക് മുൻപിൽ ഉണ്ടാകും എന്നാണ് പൃഥ്വിരാജ് തന്റെ യാത്ര ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
മോഹൻലാൽ നായകനായി അഭിനയിക്കുന്ന, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിൽ ആയിരുന്നു പൃഥ്വിരാജ്. ഇത്രയും നാൾ ക്യാമറയ്ക്ക് പിറകിൽ പ്രവർത്തിച്ചത് കൊണ്ടാണ്, അടുത്ത കുറച്ച് ദിവസങ്ങൾ താൻ ക്യാമറയ്ക്ക് മുൻപിൽ ഉണ്ടാകും എന്ന് പൃഥ്വിരാജ് എടുത്തു പറഞ്ഞിരിക്കുന്നത്. എന്തുതന്നെയായാലും, തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ വലിയ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കി കാണുന്നത്.