പ്രേമലു v/s ഭ്രമയുഗം!! ഇഞ്ചോടിഞ്ച് പോരാട്ടം, ബോക്സ് ഓഫീസ് കളക്ഷനിൽ ആരാണ് മുന്നിൽ
Premalu and Bramayugam box office collection: മലയാള സിനിമ ലോകം വീണ്ടും അതിന്റെ പ്രതാപ കാലത്തേക്ക് തിരിച്ചെത്തിയ പ്രകടനമാണ് ഇപ്പോൾ തീയേറ്ററുകളിൽ കാഴ്ചവെക്കുന്നത്. ഈ വർഷം ഇതിനോടകം ഗംഭീര മുന്നേറ്റം കണ്ട മോളിവുഡ് ബോക്സ് ഓഫീസിൽ, ഇപ്പോൾ തീ പാറും പോരാട്ടം ആണ് നടക്കുന്നത്. യുവ താരങ്ങൾ ഒന്നിച്ചെത്തിയ ‘പ്രേമലു’ കൊളുത്തിവെച്ച
ഫെബ്രുവരി മാസത്തിലെ മോളിവുഡ് ബോക്സ് ഓഫീസ് വേട്ടക്ക് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ആക്കം കൂട്ടിയിരിക്കുന്നു. ഫെബ്രുവരി 9-ന് റിലീസ് ചെയ്ത ഗിരീഷ് എഡി സംവിധാനം ചെയ്ത ‘പ്രേമലു’-വിനും, അതേ ദിവസം റിലീസ് ചെയ്ത ടോവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’നും മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. എന്നാൽ, ഭാവന സ്റ്റുഡിയോസ് അവതരിപ്പിച്ച ‘പ്രേമലു’ ബോക്സ് ഓഫീസിൽ അമ്പരപ്പിക്കുന്ന കുതിപ്പ് നടത്തി.
ബോക്സ് ഓഫീസ് ട്രാകർ വെബ്സൈറ്റ് സാക്നിക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, തിയേറ്ററിൽ 9 ദിവസം പിന്നിടുമ്പോൾ ‘പ്രേമലു’ 17.65 കോടി രൂപയുടെ നേട്ടം കൈവരിച്ചിരിക്കുന്നു. ഈ ഞായറാഴ്ച ചിത്രം 3.7 കോടി രൂപയുടെ നേട്ടം കൈവരിച്ചു. അതേസമയം, മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പാണ് ബോക്സ് ഓഫീസിൽ നടത്തുന്നത്. ഫെബ്രുവരി 15-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം 4 ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും 12.75 കോടി രൂപയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്.
ഈ ഞായറാഴ്ച്ച മാത്രം ചിത്രം 3.85 കോടി രൂപയുടെ നേട്ടം കൈവരിച്ചു. അതേസമയം ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ പരിശോധിച്ചാൽ, അത് 30 കോടിയോളം രൂപയിലേക്ക് അടുത്തിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ‘പ്രേമലു’-വിന്റെ വേൾഡ് വൈഡ് കളക്ഷൻ 40 കോടി പിന്നിട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഒരു പരീക്ഷണ ചിത്രം ആയിട്ടു കൂടി, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ വലിയ നേട്ടം കൈവരിച്ച ‘ഭ്രമയുഗം’ തിളങ്ങിനിൽക്കുന്നു.