Parukuttiyamma climbs Sabarimala at the age of 100 to meets Ayyappan : ശബരിമലയിൽ എത്തി അയ്യനെ തൊഴുക എന്നത് ഏതൊരു വിശ്വാസിയെ സംബന്ധിച്ചിടത്തോളവും അവരുടെ വലിയ സ്വപ്നം ആയിരിക്കാം. പലർക്കും വർഷാവർഷം ഇത് സാധ്യമാണെങ്കിലും, മറ്റു പലർക്കും പലകാരണങ്ങൾ കൊണ്ടും ശബരിമലയിൽ എത്തുക എന്നത്
ഇപ്പോഴും സ്വപ്നമായി തുടരുന്നുണ്ടാകാം. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടി അമ്മക്ക് തന്റെ സ്വപ്നസാഫല്യത്തിനായി കാത്തിരിക്കേണ്ടി വന്നത് 100 വർഷങ്ങളാണ്. നൂറാമത്തെ വയസ്സിൽ കന്നിമല ചവിട്ടി ശ്രദ്ധ നേടിയിരിക്കുകയാണ് പാറുക്കുട്ടിയമ്മ. അയ്യനെ കാണാൻ ഉള്ള ഒരുപാട് കാലത്തെ ആഗ്രഹമാണ്, ഇപ്പോൾ കൊച്ചുമകനിലൂടെ പാറുക്കുട്ടിയമ്മക്ക് നിറവേറ്റാൻ സാധിച്ചിരിക്കുന്നത്.
ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് തനിക്ക് നേരത്തെ ശബരിമലയിൽ എത്താൻ സാധിച്ചില്ല എന്ന് പാറുക്കുട്ടിയമ്മ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. കൊച്ചുമകൻ ഗിരീഷും പേരക്കുട്ടികളും അടങ്ങിയ 14 അംഗ സംഘത്തിനൊപ്പം ആണ് പാറുക്കുട്ടിയമ്മ ശബരിമലയിൽ എത്തിയത്. അമ്മൂമ്മ തന്നോട് ആഗ്രഹം പ്രകടിപ്പിക്കാറുണ്ടെങ്കിലും, അമ്മൂമ്മയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇക്കാര്യം പ്രചോദിപ്പിച്ചിരുന്നില്ല എന്ന് ഗിരീഷ് പറഞ്ഞു.
എന്നാൽ, ഇത്തവണ തന്റെ മക്കൾ ഉൾപ്പടെ മാല ഇട്ടപ്പോൾ, അമ്മൂമ്മക്ക് വരാൻ ആഗ്രഹമുണ്ടോ എന്ന് ചോദിക്കുകയും, അമ്മൂമ്മ അതിനുവേണ്ടി ഉടൻ തയ്യാറെടുക്കുകയായിരുന്നു എന്നും ഗിരീഷ് പറഞ്ഞു. ശബരിമല സന്നിധിയിലെ സേവനങ്ങൾ ചെയ്യുന്ന പോലീസുകാരും സഹായത്തിന് നിന്നതോടെ, 100-ാം വയസ്സിൽ കന്നിമല കയറി പാറുക്കുട്ടിയമ്മ തന്റെ അയ്യനെ കണ്ട് തൊഴുതു. ഇപ്പോൾ തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് പാറുക്കുട്ടിയമ്മ.
Read Also: കുറച്ച് കാലത്തെ ഇടവേളക്ക് ശേഷം സുഹൃത്തുക്കൾ കണ്ടുമുട്ടിയപ്പോൾ, വീഡിയോ