മലയാള സിനിമയുടെ അമ്മ മുഖം എന്ന വിശേഷണം ഏറ്റുവാങ്ങിയ നടിയാണ് കവിയൂർ പൊന്നമ്മ. ഈ ഇതിഹാസ നടിയുടെ വിയോഗത്തിൽ മലയാള സിനിമ ലോകം ദുഃഖം രേഖപ്പെടുത്തുകയാണ്. കവിയൂർ പൊന്നമ്മയുടെ കൂടെ അഭിനയിച്ച അഭിനേതാക്കൾ ഇപ്പോൾ അവരുടെ ഓർമ്മകൾ പങ്കുവെക്കുകയാണ്. നടി നവ്യ നായർ ഒരു സങ്കടം ആണ് പങ്കുവെച്ചത്.
നവ്യ നായരുടെ കരിയറിന്റെ തുടക്കത്തിൽ വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് നന്ദനം. ഈ സിനിമയിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രത്തെ ഏറെ സ്നേഹിക്കുന്ന അമ്മ വേഷം ചെയ്തിരിക്കുന്നത് കവിയൂർ പൊന്നമ്മ ആണ്. തന്റെ സിനിമ ജീവിതത്തിന്റെ തുടക്കം മുതലുള്ള ബന്ധമാണ് നവ്യക്ക് കവിയൂർ പൊന്നമ്മയുമായി ഉള്ളത്. എന്നാൽ, കവിയൂർ പൊന്നമ്മയുടെ
അവസാന കാലത്ത് അവരെ സന്ദർശിക്കാൻ സാധിച്ചില്ല എന്ന ദുഃഖമാണ് നവ്യ പങ്കുവെക്കുന്നത്. ഇതിന്റെ പേരിൽ നവ്യ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു. “വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക്. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല .. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ലാ. എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ
കുഞ്ഞിനെ പോലെ കുലിങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ. എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും. എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ. സ്നേഹം മാത്രം തന്ന പൊന്നുസേ. കുറ്റബോധം ഏറെ ഉണ്ട് , മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ! നിങ്ങളെ എന്നെന്നേക്കുമായി മിസ് ചെയ്യും,” നവ്യ നായർ കുറിച്ചു. Navya Nair regrets not visiting Kaviyoor Ponnamma before her demise