Mohanlal mourns actor TTE Vinod fatal incident: യാത്രക്കാരനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ, അന്യസംസ്ഥാന തൊഴിലാളിയായ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ നിര്യാണത്തിൽ കേരളം ഞെട്ടലിലും ദുഃഖത്തിലും ആയിരിക്കുകയാണ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച വിനോദ്, മലയാള സിനിമക്കും പ്രിയപ്പെട്ട വ്യക്തിയാണ്.
ആഷിക് അബു സംവിധാനം ചെയ്ത മമ്മൂട്ടി നായകനായി എത്തിയ ‘ഗ്യാങ്സ്റ്റർ’ലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച വിനോദ്, പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മോഹൻലാൽ നായകനായി എത്തിയ ‘പെരുച്ചാഴി’, ‘എന്നും എപ്പോഴും’, ‘പുലിമുരുകൻ’, ‘ഒപ്പം’ തുടങ്ങിയ സിനിമകളിൽ എല്ലാം വിനോദ് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മോഹൻലാലിനോട് വിനോദ് അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
വിനോദിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിൽ, നടൻ മോഹൻലാൽ ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നു. “സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികൾ,” മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തിലെത്തിയ ‘ഹൗ ഓൾഡ് ആർ യു’, ലാൽ ജോസ് സംവിധാനം ചെയ്ത ‘വിക്രമാദിത്യൻ’, ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തിയ ‘ജോസഫ്’ തുടങ്ങിയ സിനിമകളിൽ എല്ലാം വിനോദ് മുഖം കാണിച്ചിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലെ സിനിമ ഗ്രൂപ്പുകളിൽ സജീവമായിരുന്ന വിനോദ്, സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ട വ്യക്തിയായിരുന്നു. നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് ഉൾപ്പെടെയുള്ളവർ വിനോദിന്റെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചു. പാട്ന എക്സ്പ്രസ് ട്രെയിനിൽ ആണ് കഴിഞ്ഞദിവസം തൃശ്ശൂർ വെച്ച് ഈ ദാരുണമായ സംഭവം ഉണ്ടായത്.