മമ്മൂട്ടിയും ജയറാമും ഒന്നിച്ചെത്തിയിട്ടും ലാലേട്ടന്റെ നേരോട്ടം തടയാനായില്ല, നാഴികക്കല്ല് പിന്നിട്ട് ജിത്തു ജോസഫ് ചിത്രം
Mohanlal Jeethu Joseph film ‘Neru’ enters 100 crore club: മോഹൻലാൽ – ജിത്തു ജോസഫ് കോമ്പോ വീണ്ടും ചരിത്രം ആവർത്തിച്ചു. ഇരുവരും ഒന്നിച്ച നാലാമത്തെ ചിത്രമായ ‘നേര്’ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ഈ കോംബോയിൽ പിറന്ന ആദ്യത്തെ ചിത്രമായ ‘ദൃശ്യം’ ബോക്സ് ഓഫീസിൽ 50 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി മാറിയിരുന്നു.
തുടർന്ന്, ‘ദൃശ്യം 2’, ‘12ത് മാൻ’ എന്നിവ ഡയറക്ട് ഒടിടി റിലീസ് ആയിരുന്നെങ്കിൽ, ‘ദൃശ്യം’ റിലീസ് ചെയ്തു 10 വർഷങ്ങൾക്ക് ശേഷം ഈ കോംബോ വീണ്ടും തിയേറ്ററുകളിൽ എത്തിയപ്പോൾ, അതും ഉജ്ജ്വലവിജയമായി മാറിയിരിക്കുകയാണ്. 2023-ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ‘നേര്’ വലിയ വെല്ലുവിളികൾ മറികടന്നാണ് ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്.
മികച്ച അഭിപ്രായങ്ങൾ നേടിയ മീര ജാസ്മിൻ – നരേൻ ചിത്രം ‘ക്യൂൻ എലിസബത്ത്’, വിനയ് ഫോർട്ടിന്റെ ‘ആട്ടം’, അനീഷ് അൻവർ സംവിധാനം ചെയ്ത ‘രാസ്ഥ’ തുടങ്ങിയ സിനിമകൾ എല്ലാം കഴിഞ്ഞ ആഴ്ചകളിൽ തീയേറ്ററുകളിൽ എത്തിയിരുന്നു. ഇതിനെല്ലാം പുറമേ, കഴിഞ്ഞ വാരം ജയറാം – മമ്മൂട്ടി – മിഥുൻ മാനുവൽ തോമസ് കോംബോയുടെ ‘അബ്രഹാം ഓസ്ലർ’ തിയേറ്ററുകളിൽ എത്തിയിരുന്നു. ഗംഭീര അഭിപ്രായം നേടുന്ന
‘അബ്രഹാം ഓസ്ലർ’, റിലീസ് ചെയ്ത് നാല് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും 10 കോടിയോളം രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും ‘നേര്’ അതിന്റെ പ്രദർശനം തുടരുകയാണ്. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം 35-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ 100 കോടി നേട്ടം കൈവരിച്ചത്, മോഹൻലാലിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി കൂടി അടയാളപ്പെടുത്തുന്നു.