Milma Advertisement Inspired by Mohanlal Neru movie: മോഹൻലാൽ നായകനായി എത്തിയ ‘നേര്’ ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന കോർട്ട് റൂം ഡ്രാമക്ക്, മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചതിന് പിന്നാലെ, ചിത്രത്തിന്റെ പോസ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്
പരസ്യചിത്രം പുറത്തുവിട്ടിരിക്കുകയാണ് മിൽമ. ‘നേര്’ എന്നതിന് പകരം, അതെ ടെക്സ്റ്റ് ഫോർമാറ്റിൽ ‘മോര്’ എന്ന് എഴുതിയിട്ടുള്ള പരസ്യ ചിത്രമാണ് മിൽമ പുറത്തുവിട്ടിരിക്കുന്നത്. മിൽമ പ്രെസന്റ്സ് ‘മോര്’ എന്ന തലക്കെട്ടിന് ശേഷം, ഉപശീർഷകം ആയി ‘നേര്’ന്റെ ഉപശീർഷകം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, ഉപശീർഷകത്തിൽ മിൽമ ചെറിയ ഒരു മാറ്റം വരുത്തിയിരിക്കുന്നു. ഈ ചെറിയ മാറ്റം പരസ്യ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുകയും ചെയ്തു.
‘Seeking Justice’ (നീതി തേടുന്നു) എന്നാണ് ‘നേര്’-ന്റെ ഉപശീർഷകം. ഇതിന് പകരം ‘Seeking Just Ice’ എന്നാണ് മിൽമ അവരുടെ പരസ്യ ചിത്രത്തിന് നൽകിയിരിക്കുന്നത്. വലിയ രീതിയിലാണ് മിൽമയുടെ പുതിയ പരസ്യചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇത് ആദ്യമായി അല്ല മിൽമ ഇത്തരത്തിലുള്ള പരസ്യ ചിത്രങ്ങൾ സൃഷ്ടിക്കുന്നത്. ഇന്റർനെറ്റ് ലോകത്ത് ട്രെൻഡിങ് ആയിട്ടുള്ള,
പല വാചകങ്ങളും മറ്റും ഉൾക്കൊണ്ടുകൊണ്ട് മിൽമ ശ്രദ്ധേയമായ പരസ്യ ചിത്രങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കാറുണ്ട്. മോഹൻലാൽ ചിത്രത്തിലേക്ക് വന്നാൽ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം, ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. പ്രിയാമണി, സിദ്ദിഖ്, അനശ്വര രാജൻ, ജഗദിഷ് തുടങ്ങിയവർ അണിനിരന്ന ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.