Meera Vasudev husband Vipin: അടുത്തിടെയാണ് നടി മീര വാസുദേവും ഛായാഗ്രഹകൻ വിപിൻ പുതിയങ്കവും വിവാഹിതരായ വിവരം പുറംലോകം അറിയുന്നത്. ഇരുവരും കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഔദ്യോഗികമായി വിവാഹിതരായെങ്കിലും, ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ എല്ലാവരെയും അടുത്തിടെയാണ് അറിയിച്ചത്. മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുടുംബവിളക്ക്’ സീരിയലിന്റെ
ക്യാമറമാൻ ആണ് വിപിൻ. നാല് വർഷത്തോളം ആയി സംപ്രേഷണം തുടരുന്ന ‘കുടുംബവിളക്ക്’ മലയാളത്തിലെ ജനപ്രിയ പരമ്പരകളിൽ ഒന്നാണ്. ഈ പരമ്പരയുടെ ലൊക്കേഷനിൽ വെച്ചാണ് മീരയും വിപിനും പരിചയപ്പെടുന്നതും അടുപ്പത്തിൽ ആകുന്നതും. എന്നാൽ ഇരുവരും വിവാഹിതരായി എന്നോ പ്രണയത്തിൽ ആണോ എന്നോ തരത്തിലുള്ള വാർത്തകൾ വിനോദ ലോകത്ത് ഒരിക്കൽപോലും ലീക്ക് ആയിരുന്നില്ല. അതേസമയം,
വിപിന്റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റുകൾ നോക്കിയാൽ, മിക്ക പോസ്റ്റുകളിലും മീര ലൈക്കും കമന്റും ചെയ്തിരിക്കുന്നതായി കാണാൻ സാധിക്കും. വിപിൻ അവസാനമായി പങ്കുവെച്ച അദ്ദേഹത്തിന്റെ ചിത്രത്തിന് ക്യാപ്ഷൻ നൽകിയത് ഇങ്ങനെ, “നമ്മെ തന്നെ സന്തോഷിപ്പിക്കാൻ നമുക്കു ശക്തിയുണ്ടെങ്കിൽ, നമ്മൾ എപ്പോഴും സന്തുഷ്ടരായിരിക്കും.” ഇതിന് മീര ഇങ്ങനെ മറുപടി നൽകി, “അതെ എൻ്റെ പ്രിയ ഭർത്താവേ, നമ്മൾ ചെയ്യും.” തീർച്ചയായും ഇരുവരും പ്രണയത്തിൽ ആയതിന് ശേഷം മീര പങ്കുവെച്ച കമന്റ് ആണ് ഇത് എന്ന് കരുതപ്പെടാം.
മുംബൈയിലെ ഒരു തമിഴ് കുടുംബത്തിൽ ജനിച്ച മീര, കൂടുതലും മലയാള സിനിമകളിൽ ആണ് അഭിനയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർക്ക് താരത്തെ വളരെയധികം പരിചിതമാണ്. ഇപ്പോൾ അഭിനയിക്കുന്ന കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തെ കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പാലക്കാട് സ്വദേശിയാണ് മീരയുടെ ഭർത്താവ് വിപിൻ.