വൈഎസ് രാജശേഖര റെഡ്ഡിയായതിന് മമ്മൂട്ടിക്ക് ലഭിച്ച പ്രതിഫലം!! തെലുങ്കിൽ കോടികൾ കൈപ്പറ്റി മെഗാസ്റ്റാർ
Mammootty staggering salary revealed for ‘Yatra 2’: ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിലെ അതികായനായ വൈഎസ് രാജശേഖര റെഡ്ഡിയുടെയും മകൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെയും ജീവിത കഥ പറയുന്ന ചിത്രമാണ് ‘യാത്ര’. 2019-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘യാത്ര 2’ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.
മഹി വി രാഘവ് സംവിധാനം ചെയ്ത ‘യാത്ര’, മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ വാഴ്ചയാണ് തുറന്നുകാട്ടിയതെങ്കിൽ, ‘യാത്ര 2’ നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ യാത്രയാണ് കാണിക്കുന്നത്. വൈഎസ് രാജശേഖര റെഡ്ഡിയായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ആണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘യാത്ര’-ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഏകദേശം 12 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം, ബോക്സ് ഓഫീസിൽ നേട്ടം ഉണ്ടാക്കിയിരുന്നു. അതേസമയം, വലിയ ബഡ്ജറ്റിൽ ആണ് ‘യാത്ര 2’ നിർമ്മിച്ചിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 50 കോടി രൂപ ബഡ്ജറ്റിലാണ് ശിവ മേക ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിൽ മമ്മൂട്ടിയുടെ സാലറിയും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.
‘യാത്ര 2’, ജീവ അവതരിപ്പിക്കുന്ന ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിൽ ദൈർഘ്യം കുറഞ്ഞ ഒരു അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ടോളിവുഡ് മൂവി അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തത് പ്രകാരം, 3 കോടി രൂപയാണ് മമ്മൂട്ടിക്ക് ‘യാത്ര 2’-വിന് വേണ്ടി വേതനം ലഭിച്ചിരിക്കുന്നത്. അതേസമയം, 8 കോടി രൂപയാണ് ജീവയുടെ സാലറി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.