കൊടുമൺ പോറ്റി നായകനോ വില്ലനോ? ‘ഭ്രമയുഗം’ ആദ്യ തിയേറ്റർ പ്രതികരണം
Mammootty movie Bramayugam review: മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ തിയേറ്ററുകളിൽ എത്തി. പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അപ്പുറം, അവരെ ഞെട്ടിപ്പിക്കുന്ന സിനിമകൾ ചെയ്യുന്നതിൽ ശ്രദ്ധ പുലർത്താറുള്ള മമ്മൂട്ടി, ‘ഭ്രമയുഗം’-ത്തിലും അത്തരമൊരു പുത്തൻ അനുഭവം ആണ്
പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഷോ കഴിയുമ്പോൾ, ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മമ്മൂട്ടിയുടെ മറ്റൊരു പരീക്ഷണം കൂടി പ്രേക്ഷകർ ഏറ്റെടുത്തു എന്നുതന്നെയാണ്, അവരുടെ വാക്കുകളിൽ പ്രകടമാകുന്നത്. ഈ തലമുറയുടെ ആദ്യ തീയേറ്ററിക്കൽ ബ്ലാക്ക് & വൈറ്റ് അനുഭവമാണ് ‘ഭ്രമയുഗം’. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് ഇതുതന്നെയാണ്.
കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ അതുല്യപ്രകടനം, പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ വേഷപ്പകർച്ച, ‘ഭ്രമയുഗം’ മികച്ച വിഷ്വൽ അനുഭവമാകാനുള്ള കാരണങ്ങളിൽ പ്രധാനം മമ്മൂട്ടിയുടെ പ്രസൻസ് തന്നെ. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ക്രിസ്റ്റോ സേവിയറിന്റെ സംഗീതം ചിത്രത്തിന് മറ്റൊരു മാനം നൽകുന്നു.
ഷെഹ്‌നാദ് ജലാൽ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഷെഫീക്ക് മുഹമ്മദലി എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നു. സംവിധായകൻ രാഹുൽ സദാശിവൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഡയലോഗുകൾ രചിച്ചിരിക്കുന്നത് ടിഡി രാമകൃഷ്ണൻ ആണ്. മലയാള സിനിമ പ്രേമികൾക്ക് വ്യത്യസ്തമായ സിനിമാറ്റിക് അനുഭവമാണ് ‘ഭ്രമയുഗം’ വാഗ്ദാനം ചെയ്യുന്നത്.