Mammootty Malayalam movie Turbo review: മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ‘ടർബോ’ തീയറ്ററുകളിൽ എത്തി. മിഥുൻ മാനുവൽ തോമസ് രചന നിർവഹിച്ച ആക്ഷൻ – കോമഡി ചിത്രത്തിന്, ആദ്യ ഷോകൾ അവസാനിക്കുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ നാൾക്ക് ശേഷം ഒരു പക്കാ ആക്ഷൻ ചിത്രം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാള സിനിമ പ്രേമികൾ.
ടർബോ ജോസ് എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് പ്രേക്ഷകരെ ആവേശഭരിതരാക്കുന്നത്. ഈ പ്രായത്തിലും മമ്മൂട്ടിയുടെ എനർജി, ടർബോ കണ്ട പ്രേക്ഷകരെ അത്ഭുതപ്പെടുത്തി എന്ന് വേണം പറയാൻ. വില്ലന്മാരെ എക്സ്പ്ലോർ ചെയ്ത രീതിയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. തെന്നിന്ത്യയിലെ തന്നെ വലിയ സൂപ്പർതാരങ്ങളാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരിക്കുന്നത്.
കന്നഡ താരം രാജ് ബി ഷെട്ടി ആണ് വെട്രിവേൽ ഷണ്മുഖ സുന്ദരം എന്ന പ്രധാന വില്ലൻ വേഷത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഓട്ടോ ബില്ലയായി തെലുങ്ക് താരം സുനിലും, വിൻസന്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കബീർ ദുഹാൻ സിംഗും ശ്രദ്ധ നേടി. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, ജനാർദ്ദനൻ, സിദ്ദിഖ്, ശബരീഷ് വർമ്മ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, റോബോ ശങ്കർ, ആദർശ് സുകുമാരൻ, ജോണി ആന്റണി തുടങ്ങി വലിയ ഒരു താരനിര ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
പ്രേക്ഷകർ ആഗ്രഹിക്കുന്ന മമ്മൂട്ടിയുടെ എനർജിയും ആക്ഷൻ രംഗങ്ങളും പരമാവധി എക്സ്പ്ലോർ ചെയ്തിട്ടുള്ള വൈശാഖിന്റെ സംവിധാന മികവ് അഭിനന്ദനാർഹം തന്നെ. വിഷ്ണു ശർമ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. ക്രിസ്റ്റോ സേവിയർ ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ‘ടർബോ’ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കും എന്ന് തന്നെയാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങളിൽ പ്രകടമാകുന്നത്.