Premalu movie review: ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘പ്രേമലു’ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. നസ്ലൻ, മമിത ബൈജു, അൽത്താഫ് സലിം, അഖില ഭാർഗവൻ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രത്തിന്
മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഗിരീഷ് എഡി സംവിധാനം ചെയ്ത മറ്റു ചിത്രങ്ങളിലെ പല അഭിനേതാക്കളും ‘പ്രേമലു’-വിലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ടെങ്കിലും, തികച്ചും വ്യത്യസ്തമായ ഒരു പുത്തൻ അനുഭവമാണ് സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നത്. രണ്ടര മണിക്കൂറോളം ദൈർഘ്യം ഉള്ള സിനിമ, ആസ്വാദനത്തിൽ യാതൊരു മടുപ്പും പ്രേക്ഷകന് നൽകുന്നില്ല.
മനോഹരമായ പ്രണയം, പൊട്ടിച്ചിരിക്കാൻ സാധിക്കുന്ന തമാശകൾ എന്നിവയാണ് സിനിമയുടെ ഹൈലൈറ്റ്. അഭിനേതാക്കൾ എല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയുടെ സംഗീതവും ചിത്രത്തിൽ മികച്ച് നിൽക്കുന്നു.
അജ്മൽ സാബു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വാലന്റൈൻസ് ഡേക്ക് കപ്പിൾസിന് ആസ്വദിച്ച് കാണാൻ പറ്റിയ സിനിമയാണ് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അതേസമയം, യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ‘പ്രേമലു’ ഒരുപോലെ ആസ്വദിക്കാൻ സാധിക്കും. പ്രേക്ഷകരെ കൂൾ ആക്കുന്ന, ഒഴിവ് സമയം ആനന്ദകരമാക്കാൻ സാധിക്കുന്ന ഒരു കൊച്ചു മനോഹര സിനിമ.