‘മലൈക്കോട്ടൈ വാലിബൻ’ അഡ്വാൻസ് ബുക്കിംഗിൽ മുന്നിൽ ഏത് ജില്ല? ഇത് ശരിക്കും മോഹൻലാൽ പവർ
‘Malaikottai Vaaliban’ takes the lead in first day ticket sales: ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ജനുവരി 25-ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ, അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വലിയ ഹൈപ്പ് സൃഷ്ടിച്ച സിനിമ ആയതിനാൽ തന്നെ, വളരെ വേഗത്തിലാണ്
ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്നത്. സാക്നിക് ട്രേഡ് അനലിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഇതിനോടകം 1.9 കോടി രൂപയുടെ ഫസ്റ്റ് ഡേ അഡ്വാൻസ് ബുക്കിംഗ് ഇന്ത്യയിൽ നിന്ന് മാത്രമായി ‘മലൈക്കോട്ടൈ വാലിബൻ’-ന് ലഭിച്ചു കഴിഞ്ഞു. ഇതിൽ 1.76 കോടി രൂപയുടെ ബുക്കിംഗ് ലഭിച്ചിരിക്കുന്നത് കേരളത്തിൽ നിന്ന് തന്നെ. ഇതിൽ നിന്ന്, ഫസ്റ്റ് ഡേ ബുക്കിങ്ങിൽ ‘മലൈക്കോട്ടൈ വാലിബൻ’ വലിയ മുന്നേറ്റം നടത്തിയതായി കാണാൻ സാധിക്കുന്നു.
കേരളത്തിന് പിറകെ, കർണാടക (₹9.09 ലക്ഷം), തമിഴ്നാട് (₹63.05 കെ), ആന്ധ്ര പ്രദേശ് (₹41 കെ) എന്നിവിടങ്ങളിൽ നിന്നാണ് ‘മലൈക്കോട്ടൈ വാലിബൻ’-ന് ഏറ്റവും അധികം ഫസ്റ്റ് ഡേ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ ജില്ലകളുടെ കണക്കെടുത്താൽ എറണാകുളം ആണ് മുന്നിൽ. ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, 230 ഷോകളിൽ നിന്നായി ₹44.53 ലക്ഷം രൂപയുടെ ടിക്കറ്റുകൾ ആണ് എറണാകുളം ജില്ലയിൽ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം (₹23.4 ലക്ഷം), തൃശ്ശൂർ (₹15.38 ലക്ഷം), കോഴിക്കോട് (₹13.19 ലക്ഷം), കൊല്ലം (₹7.82 ലക്ഷം), കോട്ടയം (₹6.2 ലക്ഷം), ആലപ്പുഴ (₹5.83 ലക്ഷം) തുടങ്ങിയ ജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. അതേസമയം, റിലീസിന് രണ്ട് നാൾ ശേഷിക്കെ, ഈ കണക്കുകളിൽ എല്ലാം വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.