Lijo Jose Pellissery directorial approach towards Mammootty and Mohanlal: മലയാള സിനിമ ലോകത്ത് തന്റേതായ പരീക്ഷണങ്ങൾ കൊണ്ടുവരികയും, അത് വിജയിപ്പിക്കുകയും ചെയ്യാറുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 2010-ൽ ‘നായകൻ’ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് വന്ന ലിജോ, ‘സിറ്റി ഓഫ് ഗോഡ്’, ‘ആമേൻ’, ‘അങ്കമാലി ഡയറീസ്’,
‘ഇ.മ.യൗ.’ തുടങ്ങി വ്യത്യസ്തത നിറഞ്ഞ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു. ഏറ്റവും ഒടുവിൽ, മമ്മൂട്ടിയെ നായകനാക്കി ‘നൻപകൽ നേരത്ത് മയക്കം’ എന്ന ഡ്രീം വണ്ടർ സിനിമയാണ് ലിജോ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. ഈ സിനിമക്ക് മികച്ച സിനിമക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിന്, അദ്ദേഹത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
ഈ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ, അഭിനയത്തിന്റെ കാര്യത്തിൽ താൻ മമ്മൂട്ടിക്ക് അധികം ഇൻസ്ട്രക്ഷൻസ് ഒന്നും തന്നെ നൽകിയിരുന്നില്ല എന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. ഇപ്പോൾ, ലിജോ സംവിധാനം ചെയ്ത, മോഹൻലാൽ നായകനായി എത്തുന്ന ‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഈ വേളയിൽ, മമ്മൂട്ടിയിൽ നിന്ന് വ്യത്യസ്തമായി മോഹൻലാലിന്
എന്ത് നിർദ്ദേശമാണ് നൽകിയത് എന്ന് ഒരു അഭിമുഖത്തിൽ അവതാരകൻ ചോദിച്ചപ്പോൾ, മമ്മൂട്ടിയിൽ നിന്ന് വ്യത്യസ്തമായി മോഹൻലാലിനെ താൻ ഒരു ഇൻസ്ട്രക്ഷനും നൽകിയില്ല എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്. ചുരുക്കത്തിൽ, മമ്മൂട്ടിയെയും മോഹൻലാലിനെയും സ്വതന്ത്രമായി അഭിനയിക്കാൻ അനുവദിക്കുകയായിരുന്നു എന്നാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.