Celebrity childhood photos: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പല നടി നടന്മാർക്കും, അവരുടെ ആരാധകർക്ക് പോലും അത്ര പരിചിതമല്ലാത്ത ഒരു ഭൂതകാലം ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. പലരും, കലാലയ കലോത്സവ വേദികളിലൂടെയാണ് സിനിമ ലോകത്തേക്ക് ചുവട് വച്ചിട്ടുള്ളത്. എന്നാൽ, ബിഗ് സ്ക്രീനിലും ടെലിവിഷനിലും മാത്രം കണ്ട് പരിചിതമുള്ള പല മുഖങ്ങളും,
അവരുടെ കോളേജ് കാലത്ത് പുലികളായിരുന്നു എന്ന കാര്യം താരങ്ങളുടെ ആരാധകരിൽ പലർക്കും അറിഞ്ഞെന്ന് വരില്ല. ഇത്തരത്തിൽ തന്റെ കോളേജ് കാലത്ത് എല്ലാ അർത്ഥത്തിലും തിളങ്ങി നിൽക്കുകയും, കലയോടുള്ള സ്നേഹം കാരണം തന്റെ ആരോഗ്യം പോലും വകവെക്കാതിരിക്കുകയും, തുടർന്ന് ആ തീരുമാനം ജീവിതം തന്നെ മാറ്റിമറിച്ച ഒരു വഴിത്തിരിവിലേക്ക് നയിക്കപ്പെട്ട
ഒരു അഭിനേതാവിന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. അതെ, മലയാളികളുടെ പ്രിയപ്പെട്ട കൊച്ചിൻ ഹനീഫ. വെളുത്തേടത്ത് തറവാട്ടിൽ എബി മുഹമ്മദിന്റെയും ഹാജിറയുടെയും 8 മക്കളിൽ രണ്ടാമത്തവനായി, ഇന്നത്തെ കൊച്ചിയിൽ ജനനം. സെന്റ്. അഗസ്റ്റിൻസ് സ്കൂളിലും, സെന്റ്. ആൽബർട്ട്സ് കോളേജിലും ആയി പഠനം പൂർത്തിയാക്കി. കോളേജ് പഠനകാലത്ത് യൂണിയൻ ഭാരവാഹിയായിരുന്ന ഹനീഫ,
കലാ രംഗത്ത് സജീവമായിരുന്നു. എന്നാൽ, യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ പങ്കെടുക്കേണ്ട ദിവസം ഹനീഫക്ക് ചിക്കൻപോക്സ് പിടിപെട്ടു. പിതാവ് അദ്ദേഹത്തോട് വീട് വിട്ട് വെളിയിൽ ഇറങ്ങരുത് എന്ന് പറഞ്ഞു. പിതാവ് ജോലി കഴിഞ്ഞു തിരിച്ചു വന്ന ശേഷവും ഹനീഫ കട്ടിലിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ, അടുത്ത ദിവസം പത്രം വായിച്ച ഹനീഫയുടെ പിതാവ് മുഹമ്മദ് ഞെട്ടിപ്പോയി.
1972-ലെ യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഹനീഫക്കാണ് ഒന്നാം സമ്മാനം. വീട്ടുകാർ അറിയാതെ ഹനീഫ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇതിനുശേഷം അതേ വർഷം തന്നെ, വിജയൻ സംവിധാനം ചെയ്ത ‘അഴിമുഖം’ എന്ന ചിത്രത്തിലൂടെ ഹനീഫ സിനിമ കരിയർ ആരംഭിച്ചു. പിന്നീട്, മലയാളികളെ ഒന്നടങ്കം ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, വിഷമിപ്പിക്കുകയും എല്ലാം ചെയ്തുകൊണ്ട്, മലയാളികളുടെ പ്രിയപ്പെട്ട കൊച്ചിൻ ഹനീഫ ആയി മാറി. Cochin Haneefa