“കാലത്തോട് സംവദിക്കുന്ന ചലചിത്രം” അയ്യർ ഇൻ അറേബ്യ കണ്ട ശേഷം കെടി ജലീൽ പ്രതികരണം
Iyer in Arabia review: മുകേഷ്, ധ്യാൻ ശ്രീനിവാസൻ, ഉർവശി, ഷൈൻ ടോം ചാക്കോ, ദുർഗാ കൃഷ്ണ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, എംഎ നിഷാദ് സംവിധാനം ചെയ്ത ‘അയ്യർ ഇൻ അറേബ്യ’ ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മുൻ മന്ത്രിയും, തവനൂർ എംഎൽഎയുമായ കെടി ജലീൽ,
‘അയ്യർ ഇൻ അറേബ്യ’ കണ്ട ശേഷം അദ്ദേഹത്തിന്റെ അഭിപ്രായം പങ്കുവെക്കുകയുണ്ടായി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രധാന ഭാഗങ്ങൾ നോക്കാം, “അയ്യർ ഇൻ അറേബ്യ: കാലത്തോട് സംവദിക്കുന്ന ചലചിത്രം. വർത്തമാനത്തിൻ്റെ അരുതായ്മകളോടും തെറ്റായ ധാരണകളോടും കലഹിക്കുവാൻ സിനിമയോളം നല്ല ഒരു മാധ്യമം ഉണ്ടോ എന്ന് സംശയമാണ്. രാജ്യത്ത് വളരുന്ന പ്രതിലോമ പ്രവണതകളെ രൂക്ഷമായ പരിഹാസത്തിലൂടെ കേരളീയ പശ്ചാതലത്തിൽ
അവതരിപ്പിക്കുന്ന കലാസൃഷ്ടിയാണ് ‘അയ്യർ ഇൻ അറേബ്യ’. കലാരംഗത്ത് പ്രവർത്തിക്കുന്നവർ ഒഴുക്കിനനുകൂലമായി നീന്താൻ തിടുക്കം കൂട്ടുമ്പോൾ ഒഴുക്കിനെതിരെ നീന്താനും ആളുകളുണ്ടെന്ന പ്രഖ്യാപനമാണ് ഈ സിനിമ. മനുഷ്യ വികാരങ്ങളെ വളച്ചുകെട്ടാതെ ഋജുവായി അവതരിപ്പിക്കുകയാണ് ‘അയ്യർ ഇൻ അറേബ്യ’ എന്ന ചലചിത്രം. പട്ടണങ്ങളിലെ ഫ്ലാറ്റു സമുച്ഛയങ്ങൾ പണ്ടൊക്കെ ബഹുസ്വരമായിരുന്നു. എന്നാൽ ആ പതിവിന് വിഘ്നം സംഭവിച്ചിരിക്കുന്നു.
നാനാത്വം ഉൽഘോഷിക്കാൻ പേരിനാരെങ്കിലും ഉണ്ടായാലായി. അത്തരമൊരു ജീവിത ചുറ്റുപാടിൽ “അയ്യരെന്ന” വാലിൽ അഭിരമിച്ച് ജീവിക്കുന്ന കുടുംബനാഥനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ശാന്തമായ ഒരു പുഴയുടെ ഒഴുക്കുപോലെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് ‘അയ്യർ ഇൻ അറേബ്യ’ അഭ്രപാളിയിൽ മുന്നേറുന്നത്. കുടുംബസമേതം മലയാളികൾ കാണേണ്ട ഒരു നല്ല സിനിമ. കുടുസ്സായ മനസ്സുകളെ വിശാലമാക്കാൻ ഉപകരിക്കുന്ന മികച്ചൊരു ചലചിത്രം.”