കേരളത്തിന്റെ സ്വന്തം ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് ആയ കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണ് മുന്നോടിയായി താര ലേലം പുരോഗമിക്കുകയാണ്. 6 ഫ്രാഞ്ചൈസികൾ പങ്കെടുക്കുന്ന ലീഗിൽ, എല്ലാ ടീമുകളും ഇതിനോടകം തന്നെ ഓരോ ഐക്കൺ താരങ്ങളെ സൈൻ ചെയ്തിട്ടുണ്ട്. മുൻ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി, ഓപ്പണിങ് ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീൻ, കേരളത്തിന്റെ സ്റ്റാർ ബാറ്റർ രോഹൻ എസ് കുന്നുമ്മൽ, ഓൾറൗണ്ടർ
അബ്ദുൽ ബാസിത്, വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ്, ഫാസ്റ്റ് ബൗളർ ബേസിൽ തമ്പി എന്നിവർ യഥാക്രമം കൊല്ലം സൈലേഴ്‌സ്, ആലപ്പി റൈപ്പിൾസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ട്രിവാൻഡ്രം റോയൽസ്, തൃശ്ശൂർ ടൈറ്റൻസ്, കൊച്ചി ബ്ലൂടൈഗർസ് എന്നീ ടീമുകളുടെ ഐക്കൺ താരങ്ങൾ ആണ്. താര ലേലത്തിൽ 2 ലക്ഷം, 1 ലക്ഷം, അമ്പതിനായിരം എന്നിങ്ങനെ മൂന്ന് സാലറി ക്യാപ്പ് കാറ്റഗറികളിലായി ആണ് കളിക്കാരെ പരിഗണിച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ വലിയ ലേലങ്ങൾ നടന്നു കഴിഞ്ഞു. ശറഫുദ്ദീനെ കൊല്ലം നാല് ലക്ഷം രൂപക്ക് സ്വന്തമാക്കിയപ്പോൾ, അജ്നാസിന് കാലിക്കറ്റ് വിലയിട്ടത് 6.2 ലക്ഷം രൂപയാണ്. മനു കൃഷ്ണനെ ഏഴു ലക്ഷം രൂപക്കാണ് കൊച്ചി സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നിവക്ക് വേണ്ടി മുൻപ് ഐപിഎൽ കളിച്ചിട്ടുള്ള ഫാസ്റ്റ് ബോളർ ആസിഫ് കെഎം-നെ 5.2 ലക്ഷം രൂപക്ക് കൊല്ലം സൈൻ ചെയ്തു.
വരുൺ നായനാർ (7.2 ലക്ഷം) ആണ് ഇതുവരെ ഉള്ളതിൽ തൃശ്ശൂരിന്റെ വിലയേറിയ താരം. എംഎസ് അഖിലിനെ 7.4 ലക്ഷം രൂപക്ക് ട്രിവാൻഡ്രം റോയൽസ് സൈൻ ചെയ്തു. അക്ഷയ് ചന്ദ്രന് വേണ്ടി ആലപ്പി ചെലവഴിച്ചത് 5 ലക്ഷം രൂപയാണ്. കൃഷ്ണ പ്രസാദിനെ 6.2 ലക്ഷം രൂപക്കും, രോഹൻ നായരെ 2.2 ലക്ഷം രൂപക്കും ആലപ്പി സ്വന്തമാക്കി. വിനോദ് കുമാർ (5 ലക്ഷം), സൽമാൻ നിസാർ (7 ലക്ഷം) എന്നിവരെ യഥാക്രമം ട്രിവാൻഡ്രവും കാലിക്കറ്റും സ്വന്തമാക്കി. Kerala cricket league auction Sharafuddin, Ajnaz, and Manu Krishnan fetch big prices