Kerala Blasters new coach arrived: ഐഎസ്എൽ 2024-25 സീസണ് മുന്നോടിയായി പുതിയ പരിശീലകനെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്സ്. 2021 – 2024 കാലയളവിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനായിരുന്ന ഇവാൻ വുകമനോവിക്, കഴിഞ്ഞ സീസണ് ഒടുവിൽ സ്ഥാനം ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്ക് ആണ് ഇപ്പോൾ പുതിയ നിയമനം നടന്നിരിക്കുന്നത്. സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാഹ്രെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാൻ.
48-കാരനായ മൈക്കൽ സ്റ്റാഹ്രെ, പരിശീലകൻ എന്ന നിലയിൽ പ്രായം കൊണ്ട് ചെറുപ്പം ആണെങ്കിലും, പരിശീലകനായി 17 വർഷത്തെ പരിചയസമ്പത്തിന് ഉടമയാണ്. സ്വീഡനിൽ ജനിച്ച മൈക്കൽ സ്റ്റാഹ്രെ, പ്രൊഫഷണൽ ഫുട്ബോളർ എന്ന കരിയർ തിരഞ്ഞെടുക്കാതെ, 32-ാം വയസ്സിൽ മാനേജ്മെന്റ് കരിയർ തിരഞ്ഞെടുക്കുകയായിരുന്നു. സ്വീഡിഷ് ക്ലബ് ആയ വാസ്ബി യുണൈറ്റഡിന്റെ പരിശീലകനായി കരിയർ ആരംഭിച്ച മൈക്കൽ സ്റ്റാഹ്രെ,
സാൻ ജോസ് എർത്ക്വാക്സ്, ഡാലിയാൻ, ഐഎഫ്കെ ഗോട്ട്ബൊർഗ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ പരിശീലകനായി ചുമതല വഹിച്ചിട്ടുണ്ട്. മേജർ ലീഗ് സോക്കർ, ചൈനീസ് സൂപ്പർ ലീഗ് തുടങ്ങിയ പ്രമുഖ ലീഗുകളിൽ പ്രവർത്തിച്ചിട്ടുള്ള മൈക്കൽ സ്റ്റാഹ്രെ, സ്വീഡിഷ് ക്ലബ്ബുകൾക്ക് പുറമേ നോർവിജിയൻ, തായ്‌ലൻഡ് ക്ലബ്ബുകളുടെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.
തായ്‌ലൻഡ് ക്ലബ് ഉതായ് താനിയിൽ നിന്നാണ് മൈക്കൽ സ്റ്റാഹ്രെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. 2026 വരെ നീണ്ടു നിൽക്കുന്ന രണ്ട് വർഷത്തെ കോൺട്രാക്ടിൽ ആണ് മൈക്കൽ സ്റ്റാഹ്രെ കേരള ബ്ലാസ്റ്റേഴ്സുമായി ഒപ്പ് വെച്ചിരിക്കുന്നത്. ഇതുവരെ ഒരു ഐഎസ്എൽ കിരീടം നേടാനാകാത്ത കേരള ബ്ലാസ്റ്റേഴ്സിന്, മൈക്കൽ സ്റ്റാഹ്രെയുടെ കീഴിൽ പുതിയൊരു മികച്ച അധ്യായം തുറക്കാൻ ആകട്ടെ എന്ന് പ്രത്യാശിക്കാം.