ബംഗ്ലാ കടുവകളെ കൂട്ടിലടച്ച് ഇന്ത്യ!! ലോകകപ്പ് സെമി ഉറപ്പാക്കി

India vs Bangladesh T20 WC match result: ബംഗ്ലാദേശിനെ തകർത്ത് ടീം ഇന്ത്യ ലോകകപ്പ് സെമി ഫൈനൽ പ്രവേശനത്തിന്റെ അരികിൽ എത്തി. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 50 റൺസിനാണ് ഇന്ത്യ തങ്ങളുടെ അയൽപക്കക്കാരെ പരാജയപ്പെടുത്തിയത്. ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര തുടങ്ങിയവരെല്ലാം ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തു. ടീം വർക്കിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്യാൻ എത്തിയ ഇന്ത്യക്ക് വേണ്ടി കോഹ്ലി – രോഹിത് ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. 11 പന്തിൽ 23 റൺസ് എടുത്ത് രോഹിത് പുറത്തായതിന് ശേഷം, ഋഷഭ് പന്തിനൊപ്പം ചേർന്ന് കോഹ്ലി സ്കോർ ഉയർത്തി. വിരാട് കോഹ്ലി (37), ഋഷഭ് പന്ത് (36) എന്നിവർ മികച്ച പ്രകടനം നടത്തിയപ്പോൾ, സൂര്യകുമാർ യാദവ് (6) ഇന്ത്യയുടെ ബാറ്റർമാരിൽ നിരാശപ്പെടുത്തി. 

അതേസമയം, ശിവം ഡ്യൂബെ (34) മികച്ച ഇന്നിങ്സ് കാഴ്ചവച്ചപ്പോൾ, ഹാർദിക് പാണ്ഡ്യ (50*) പുറത്താകാതെ അർദ്ധ സെഞ്ച്വറി പ്രകടനം നടത്തി ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് നയിച്ചു. ബംഗ്ലാദേശിനു വേണ്ടി തൻസീം ഹസൻ, റിഷാദ് ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനു വേണ്ടി ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ (40), തൻസിദ് ഹസൻ (29), റിഷാദ് ഹുസൈൻ (24) എന്നിവരെ ഒഴികെ മറ്റാരും കാര്യമായ സംഭാവന നൽകാതെ വന്നതോടെ, 

ബംഗ്ലാ കടുവകൾക്ക് സൂപ്പർ 8-ലെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി നേരിടേണ്ടി വന്നു. ഈ പരാജയത്തോടെ ബംഗ്ലാദേശ് ടി ട്വന്റി ലോകകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു. ഇന്ത്യൻ ബൗളർമാരിൽ 3 വിക്കറ്റ് വീഴ്ത്തി കുൽദീപ് യാദവും, രണ്ട് വീതം വിക്കറ്റുകളുമായി ബുമ്ര, അർഷദീപ് എന്നിവരും മികച്ച പ്രകടനം നടത്തി. തോൽവി അറിയാതെ മുന്നേറുന്ന ഇന്ത്യയുടെ, സൂപ്പർ 8-ലെ അവസാന മത്സരത്തിൽ എതിരാളികളായി എത്തുന്നത് ഓസ്ട്രേലിയ ആണ്.

Hardhik PandyaIndian Cricket TeamWorld Cup
Comments (0)
Add Comment