പത്തരമാറ്റിൽ തിളങ്ങി ഇന്ത്യൻ യുവത!! ഉപനായകനായ സഞ്ജുവിന്റെ ആദ്യ പരമ്പര

സിംബാബ്‌വെക്കെതിരായ നാലാം ടി20 മത്സരത്തിൽ ഉജ്ജ്വല വിജയം നേടി ടീം ഇന്ത്യ 5 മത്സരങ്ങൾ അടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ പരാജയം നേരിട്ട സന്ദർശകർ, പിന്നീട് കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റ് വിജയം ആണ് നേടിയത്. ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ  

ശുഭ്മാൻ ഗില്ലും യശാവി ജയിസ്വാളും അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവച്ചു. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ, ക്യാപ്റ്റൻ സിക്കന്ദർ റാസ (46), ഓപ്പണർമാരായ മരുമാനി (32), മദ്ദേവരെ (25) എന്നിവരുടെ ബാറ്റിംഗ് മികവിൽ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് ടോട്ടൽ കണ്ടെത്തി. ഇന്ത്യൻ ബൗളർമാരിൽ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ, ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച

തുഷാർ ദേഷ്പാണ്ഡേ, വാഷിങ്ടോൺ സുന്ദർ, അഭിഷേക് ശർമ, ശിവം ഡ്യൂബെ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ടീം ഇന്ത്യ, വിക്കറ്റുകൾ ഒന്നും തന്നെ നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടന്നു. സിംബാബ്‌വെ ബൗളർമാരെ നിഷ്പ്രഭരാക്കി കൊണ്ടുള്ള ഇന്ത്യൻ ഓപ്പണർമാരുടെ ബാറ്റിംഗ് പ്രകടനം അതിഗംഭീരമായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 39 പന്തിൽ 6 ഫോറും രണ്ട് സിക്സും സഹിതം 58* റൺസ് എടുത്ത് പുറത്താകാതെ നിന്നപ്പോൾ, 

53 പന്തിൽ 13 ഫോറും 2 സിക്സും ഉൾപ്പടെ 93* റൺസ് ആണ് യശാവി ജയിസ്വാൾ നേടിയത്. 15.2 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഇതോടെ 5 മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യ 3-1 ന് മുന്നിലെത്തി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച (ജൂലൈ 14) നടക്കും. മലയാളി താരം സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനും, ശുഭ്മാൻ ഗിൽ ക്യാപ്റ്റനും ആയ ഈ ഇന്ത്യൻ സംഘം, ഒരു പരമ്പര നേടിയത് ഇന്ത്യയുടെ ഭാവി പ്രതീക്ഷകൾക്ക് ആവേശം നൽകുന്നു. India won by 10 wickets against Zimbabwe

Indian Cricket TeamSanju SamsonZimbabwe
Comments (0)
Add Comment