India won against Zimbabwe 3rd t20: സിംബാബ്‌വെക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ 23 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മലയാളി താരം സഞ്ജു സാംസൺ ലോകകപ്പിന് ശേഷം തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. ശുഭ്മാൻ ഗിൽ നയിച്ച ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു സഞ്ജു സാംസൺ. മത്സരത്തിൽ സഞ്ജു ബാറ്റ് ചെയ്യുകയും ചെയ്തു.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. ഇന്ത്യൻ ബാറ്റർമാരിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (66) അർദ്ധ സെഞ്ച്വറി പ്രകടനം പുറത്തെടുത്തപ്പോൾ, ഋതുരാജ് ഗെയ്ക്വാദ് (49), യശാവി ജയ്സ്വാൽ (36) എന്നിവരും കാര്യമായ സംഭാവന നൽകി. അതേസമയം കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി ഹീറോ അഭിഷേക് ശർമ (10) ഇന്ന് തിളങ്ങിയില്ല. അഞ്ചാമനായി ക്രീസിൽ എത്തിയ സഞ്ജു സാംസൺ,
7 പന്തുകൾ നേരിട്ടപ്പോൾ രണ്ട് ബൗണ്ടറികൾ സഹിതം 12* റൺസ് സ്കോർ ചെയ്ത് പുറത്താകാതെ നിന്നു. സിംബാബ്‌വെ ബൗളർമാരിൽ മുസറബാനി ക്യാപ്റ്റൻ സിക്കന്ദർ റാസ എന്നിവർ രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെക്ക് വേണ്ടി ഡിയോൺ മയെര്സ് (65) അർദ്ധ സെഞ്ച്വറി നേടുകയും, ക്ലിവ് മടണ്ടേ (37) കാര്യമായ സംഭാവന നൽകുകയും ചെയ്തെങ്കിലും
ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ സാധിച്ചില്ല. ഇന്ത്യൻ ബൗളർമാരിൽ വാഷിംഗ്ടൺ സുന്ദർ മൂന്ന് വിക്കറ്റുകളും ആവേശ് ഖാൻ രണ്ട് വിക്കറ്റും ഖലീൽ അഹമ്മദ് ഒരു വിക്കറ്റും നേടി. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 2-1 ന് ഇന്ത്യ മുൻപന്തിയിൽ എത്തി. പരമ്പരയിലെ നാലാമത്തെ മത്സരം ജൂലൈ 13 ശനിയാഴ്ച നടക്കും.