ഇന്ത്യ ലോകകപ്പ് ഫൈനലിൽ, ഇംഗ്ലീഷ് പടയെ 68 റൺസിന് മുട്ടുകുത്തിച്ചു

India vs England – India enters T20 World Cup final: ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഗുയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ 68 റൺസിനാണ് ഇംഗ്ലീഷ് പടയെ ഇന്ത്യ മുട്ടുകുത്തിച്ചത്. മത്സരത്തിൽ ബാറ്റ് കൊണ്ട് ക്യാപ്റ്റൻ രോഹിത് ശർമയും, സൂര്യകുമാർ യാദവുമെല്ലാം തിളങ്ങിയപ്പോൾ,

കുൽദീപ് യാദവും അക്സർ പട്ടേലും അടങ്ങിയ സ്പിന്നർമാരാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. മഴ ഭീഷണി നിലനിന്ന മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ (57) അർദ്ധ സെഞ്ച്വറി പ്രകടനം പുറത്തെടുത്തു. സൂര്യകുമാർ യാദവ് (47), ഹാർദിക് പാണ്ഡ്യ (13 പന്തിൽ 23), രവീന്ദ്ര ജഡേജ (9 പന്തിൽ 17*) എന്നിവരും സാഹചര്യങ്ങൾക്കനുസരിച്ച് ഉയർന്ന് കളിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം മറികടക്കാൻ

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും, പിച്ചിന്റെ സാഹചര്യം മനസ്സിലാക്കി പവർപ്ലേയിൽ സ്പിന്നർമാരെ ഉപയോഗിക്കാൻ രോഹിത് ശർമ തീരുമാനിച്ചതോടെ, ഇംഗ്ലണ്ട് തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഹാരി ബ്രൂക് (25), ജോസ് ബറ്റ്ലർ (23), ജോഫ്ര ആർച്ചർ (21) എന്നിവർ ഒഴികെ മറ്റാർക്കും തന്നെ കാര്യമായ സംഭാവന നൽകാൻ സാധിക്കാതെ വന്നതോടെ, 16.4 ഓവറിൽ 103 റൺസിന് ഇംഗ്ലീഷ് നിര കൂടാരം കയറി. 

ഇന്ത്യൻ ബൗളർമാരിൽ 3 വീതം വിക്കറ്റുകൾ വീഴ്ത്തി അക്സർ പട്ടേലും കുൽദീവ് യാദവും സൂപ്പർ പ്രകടനം കാഴ്ചവച്ചു. ജസ്‌പ്രീത് ബുമ്ര രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. അക്സർ പട്ടേൽ ആണ് മത്സരത്തിലെ താരം. ജയത്തോടെ ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും. ജൂൺ 29-നാണ് ഫൈനൽ മത്സരം നടക്കുക. ഇരു ടീമുകളും ടൂർണമെന്റിൽ പരാജയം അറിയാതെയാണ് ഫൈനലിൽ എത്തിയിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. 

Indian Cricket TeamRohit SharmaWorld Cup
Comments (0)
Add Comment