India vs Australia World Championship of Legends: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് 2024-ൽ ഓസ്ട്രേലിയ ചാമ്പ്യൻസിനെതിരെ ഇന്ത്യ ചാമ്പ്യൻസ് പരാജയം നേരിട്ടു. 23 റൺസിനാണ് ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ വിജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയപ്പോൾ, നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് കണ്ടെത്താനെ ഇന്ത്യക്ക് സാധിച്ചുള്ളൂ.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ യുവരാജ് സിംഗ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയൻ നിരയിൽ ഷോൺ മാർഷ് (41), ഡാനിയൽ ക്രിസ്ത്യൻ (69) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കുൽക്കർനി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ആർപി സിംഗ്, അനുരീത് സിംഗ്, ഹർഭജൻ സിംഗ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ നിരയിൽ,
യൂസഫ് പത്താൻ അർദ്ധ സെഞ്ച്വറി പ്രകടനം പുറത്തെടുത്തു. 48 പന്തിൽ 11 ഫോറുകളും ഒരു സിക്സും സഹിതം 78 റൺസ് ആണ് യൂസഫ് പത്താൻ നേടിയത്. അമ്പാട്ടി റായിഡു (26*) അവസാന വേളയിൽ നന്നായി കളിച്ചെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. ഓസ്ട്രേലിയൻ ബൗളർമാരിൽ പീറ്റർ സിഡിൽ, നഥാൻ കോൾട്ടർ നൈൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. 69 റൺസും ഒരു വിക്കറ്റും സ്വന്തമാക്കിയ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ
ഡാനിയൽ ക്രിസ്ത്യൻ ആണ് മത്സരത്തിലെ താരം. ഈ പരാജയത്തോടെ, നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളും രണ്ട് പരാജയങ്ങളും പേരിൽ ചേർത്ത ഇന്ത്യ നാല് പോയിന്റുകളോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ജൂൺ 10 ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ആകെ കളിക്കുന്ന ആറ് ടീമുകളിൽ ടോപ് ഫോർ സെമി ഫൈനലിൽ പ്രവേശിക്കും.