ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റതിനുശേഷം ഗൗതം ഗംഭീർ ആദ്യമായി പ്രതികരിക്കുന്ന വേളയിൽ, ദേശീയ ടീമിലേക്കുള്ള സെലക്ഷൻ പ്രോസസ്സിൽ താൻ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റം കൃത്യമായി പറഞ്ഞുവെച്ചു. നേരത്തെ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകളെ അനുകരിച്ച് വ്യത്യസ്ത ഫോർമാറ്റുകൾക്ക് വ്യത്യസ്ത ക്യാപ്റ്റൻ എന്ന ആശയം ഇന്ത്യൻ ക്രിക്കറ്റിലും ഉയർന്നുവന്നിരുന്നെങ്കിലും
സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡണ്ട് ആയിരുന്ന വേളയിൽ, ഇത്തരം ചർച്ചകൾ തള്ളിക്കളഞ്ഞിരുന്നു. അതേസമയം, രാഹുൽ ദ്രാവിഡ് പരിശീലകൻ ആയിരുന്ന വേളയിൽ, വ്യത്യസ്ത ഫോർമാറ്റുകൾക്ക് വ്യത്യസ്ത ടീമിനെ അയക്കുന്ന രീതി ഉണ്ടായിരുന്നു. കളിക്കാരുടെ ജോലിഭാരം കുറക്കുന്നതിനും പരിക്ക് നിയന്ത്രിക്കുന്നതിനും ആയിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നത്. എന്നാൽ, ഗംഭീർ ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമായ അഭിപ്രായം ആണ് പങ്കുവെക്കുന്നത്. ഒരു നല്ല കളിക്കാരൻ എല്ലാ ഫോർമാറ്റിലും കളിക്കണം എന്ന് പറഞ്ഞ ഗംഭീർ,
പരിക്ക് ഒരു ക്രിക്കറ്ററുടെ കരിയറിന്റെ ഭാഗമാണെന്നും, അക്കാര്യങ്ങൾ മാനേജ്മെന്റ് കൃത്യമായി പരിപാലിക്കും എന്നും പറഞ്ഞു. “ഞാൻ ഒരു കാര്യത്തിൽ വളരെ ശക്തമായി വിശ്വസിക്കുന്ന ആളാണ്, നിങ്ങൾ മികച്ചവനാണെങ്കിൽ, നിങ്ങൾ മൂന്ന് ഫോർമാറ്റുകളും കളിക്കണം. പരിക്ക് കൈകാര്യം ചെയ്യുന്നതിൽ ഞാൻ ഒരിക്കലും വലിയ വിശ്വാസിയായിരുന്നില്ല, നിങ്ങൾക്ക് പരിക്കേറ്റാൽ, നിങ്ങൾ സുഖം പ്രാപിക്കും,” ഗംഭീർ പറയുന്നു. “നിങ്ങൾ മൂന്ന് ഫോർമാറ്റുകളും കളിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പരിക്കേറ്റാൽ, നിങ്ങൾ മടങ്ങിപ്പോവുക, സുഖം പ്രാപിക്കുക, പക്ഷേ നിങ്ങൾ മൂന്ന് ഫോർമാറ്റുകളും കളിക്കണം.
ആളുകളെ തിരിച്ചറിയുന്നതിൽ ഞാൻ വലിയ വിശ്വാസിയല്ല, എന്നാൽ ഞങ്ങൾ അവരെ (മൂന്ന് ഫോര്മാറ്റിലും കളിയ്ക്കാൻ ആഗ്രഹിക്കുന്നവരെ) നിലനിർത്തും. ടെസ്റ്റ് മത്സരങ്ങൾക്കോ മറ്റ് ഫോർമാറ്റുകൾക്കോ വേണ്ടി ഞങ്ങൾ അവൻ്റെ പരിക്കും ജോലിഭാരവും മറ്റുള്ളവയും നിയന്ത്രിക്കാൻ പോകുന്നു, നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ നിങ്ങൾക്ക് വളരെ ചെറിയ സമയമേ ഉള്ളൂ, നിങ്ങൾക്ക് കഴിയുന്നത്രയും കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ മികച്ച ഫോമിലായിരിക്കുമ്പോൾ, മൂന്ന് ഫോർമാറ്റുകളും കളിക്കുക,” ഗംഭീർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു. India head coach Gautam Gambhir sets new selection standards