ICC player of the month June nominees: ക്രിക്കറ്റ് ലോകത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ജൂൺ മാസം വളരെ സംഭവബഹുലമായിരുന്നു. ടി20 ലോകകപ്പ് നടന്ന മാസത്തിലെ മികച്ച താരത്തെ തിരഞ്ഞെടുക്കുന്നതിനായുള്ള ഫൈനൽ നോമിനേഷൻ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി). എല്ലാ മാസവും ഐസിസി നൽകുന്ന
പുരസ്കാരമാണ് ഇത് എങ്കിലും, ലോകകപ്പ് നടന്ന മാസം ആയതിനാൽ ഇത്തവണ കൂടുതൽ ശ്രദ്ധേയമാണ്. ഐസിസി പ്ലെയർ ഓഫ് ദി മന്ത് ജൂൺ 2024-നായി മൂന്ന് താരങ്ങളാണ് ഫൈനൽ നോമിനേഷനിൽ ഇടം പിടിച്ചിരിക്കുന്നത്. പുരുഷ – വനിത ക്രിക്കറ്റുകളിൽ നിന്ന് വ്യത്യസ്ത നോമിനേഷനുകൾ ആണ് ഉള്ളത്. പുരുഷ ക്രിക്കറ്റിൽ നിന്ന് പ്രസിദ്ധീകരിച്ച ഫൈനൽ ത്രീയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്നു. ഐസിസി ടി20 ലോകകപ്പ് 2024-ലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്ര,
ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർക്കൊപ്പം, ടി20 ലോകകപ്പിലെ ടോപ് റൺ സ്കോറർ ആയ അഫ്ഗാനിസ്ഥാൻ ബാറ്റർ റഹ്മാനുള്ള ഗുർബാസ് എന്നിവരാണ് ജൂൺ മാസത്തിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരത്തിനായുള്ള ഫൈനൽ നോമിനേഷൻ നേടിയിരിക്കുന്നത്. ഇവരിൽ നിന്ന് പബ്ലിക് വോട്ടിലൂടെ തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് ആയിരിക്കും പുരസ്കാരം ലഭിക്കുക. വനിത താരങ്ങളുടെ ഫൈനൽ പട്ടികയിൽ
ഇന്ത്യൻ ബാറ്റർ സ്മൃതി മന്ദാന, ഇംഗ്ലണ്ട് ബാറ്റർ മൈയ ബൗചീർ, ശ്രീലങ്കൻ അണ്ടർ 19 ക്യാപ്റ്റൻ വിഷ്മി ഗുണരത്നെ എന്നിവരാണ് ഇടം പിടിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ സ്മൃതി മന്ദാന 343 റൺസും ഒരു വിക്കറ്റും നേടിയപ്പോൾ, 167 റൺസ് ആണ് മൈയ ബൗചീറിന്റെ സമ്പാദ്യം. വിഷ്മി ഗുണരത്നെ 195 റൺസും സ്കോർ ചെയ്തിരിക്കുന്നു. ഇവരിൽ നിന്നും പബ്ലിക് വോട്ട് എടുപ്പിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.