ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാ താരലേലം നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കാനിരിക്കുകയാണ്. 70 വിദേശ താരങ്ങൾ ഉൾപ്പെടെ 204 കളിക്കാർക്കായുള്ള സ്ലോട്ട് ഒഴിഞ്ഞു കിടക്കുമ്പോൾ, 574 കളിക്കാരാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ഇത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം ആകാംക്ഷയുടെയും, സന്തോഷത്തിന്റെയും നിമിഷമാണ്. ഐപിഎൽ 2025 മെഗാ താര ലേലത്തിന്റെ ആദ്യ സെറ്റിൽ 6 കളിക്കാർ ആണ് ഉൾപ്പെട്ടിരിക്കുന്നത്.
ഈ 6 കളിക്കാരുടെ സെറ്റ് വെച്ചായിരിക്കും ലേലം ആരംഭിക്കുക. ഇക്കൂട്ടത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങളും മൂന്ന് വിദേശ താരങ്ങളും ഉൾപ്പെടുന്നു. എല്ലാ ഫ്രഞ്ചേഴ്സികളും ആഗ്രഹിക്കുന്ന ആ 6 കളിക്കാർ ആരൊക്കെ എന്ന് നോക്കാം. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആണ് ആദ്യ സെറ്റിലെ ഇന്ത്യൻ ബാറ്റർ. നിലവിൽ ക്യാപ്റ്റൻ ഇല്ലാത്ത ടീമുകൾക്ക് മികച്ച ഓപ്ഷൻ ആണ് ശ്രേയസ് അയ്യർ. ഈ താര ലേലത്തിലെ ഏറ്റവും മൂല്യം ഏറിയ കളിക്കാരൻ ആകും എന്ന് ക്രിക്കറ്റ് നിരീക്ഷകർ പ്രതീക്ഷിക്കുന്ന
ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ആദ്യ സെറ്റിൽ ഉൾപ്പെടുന്നു. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റൻ ആയിരുന്നു പന്ത്. മുൻ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചിരുന്ന, നിലവിലെ ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്യാപ്റ്റൻ ആയ ജോസ് ബട്ലർ ആദ്യ സെറ്റിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷ് നായകനും ആവശ്യക്കാർ ഏറെയാണ്. കഴിഞ്ഞ സീസണിന്റെ താര ലേലത്തിൽ ഐപിഎൽ സർവ്വകാല റെക്കോർഡ് തുക മറികടന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കും ഇത്തവണ ആദ്യ സെറ്റിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ ടീമിൽ നിലവിൽ സ്ഥിര സാന്നിധ്യമായ ഫാസ്റ്റ് ബൗളർ അർഷദീപ് സിംഗ് മെഗാ ലേലത്തിന്റെ ഒന്നാം സെറ്റിൽ ഉൾപ്പെടുന്നു. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സ് താരമായിരുന്നു അർഷദീപ്. കഴിഞ്ഞ സീസണിൽ അർഷദീപിന്റെ പഞ്ചാബിലെ സഹതാരം ആയിരുന്ന ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാഡയും ഒന്നാം സെറ്റിൽ ഉൾപ്പപ്പെടുന്നു. ഈ 6 കളിക്കാരുടെയും അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. ഇവർ എല്ലാവർക്കും തന്നെ ഒന്നിലധികം ഫ്രാഞ്ചൈസികൾ ആവശ്യക്കാരായി വരും എന്ന കാര്യം ഉറപ്പാണ്.
Summary: First set of marquee players in the IPL 2025 mega auction