Director Roby Varghese Raj reveals Kannur Squad 2 in plans : ബോക്സ് ഓഫീസ് ഹിറ്റ് അടിച്ച മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’ന്റെ രണ്ടാം ഭാഗം വരുന്നതുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ച്, വ്യക്തത നൽകിയിരിക്കുകയാണ് സംവിധായകൻ റോബി വർഗീസ് രാജ്. സെപ്റ്റംബർ 28-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം,
100 കോടി രൂപയുടെ വേൾഡ് വൈഡ് ബിസിനസ് കൈവരിച്ചിരുന്നു. മുൻ കണ്ണൂർ എസ്പി ശ്രീജിത്ത് ഐപിഎസ് രൂപീകരിച്ച കണ്ണൂർ സ്ക്വാഡ് എന്ന കുറ്റാന്വേഷണ സംഘത്തിന്റെ യഥാർത്ഥ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ‘കണ്ണൂർ സ്ക്വാഡ്’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും, രണ്ട് കേസ് അന്വേഷണങ്ങളാണ് റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിൽ സംവിധായകൻ റോബി വർഗീസ് രാജ്, ‘കണ്ണൂർ സ്‌ക്വാഡ്’ന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് ഒരു കാര്യം വ്യക്തമാക്കി. ‘കണ്ണൂർ സ്‌ക്വാഡ്’ന്റെ രണ്ടാം ഭാഗം ഒരുക്കാൻ തനിക്ക് ആഗ്രഹമുണ്ട് എന്നും, കണ്ണൂർ സ്‌ക്വാഡ് ടീമിന്റെ മറ്റു കേസുകളെ അടിസ്ഥാനമാക്കി സീക്വൽ തയ്യാറാക്കും എന്നും സംവിധായകൻ പറഞ്ഞു. അതേസമയം, താൻ ഇതിന്റെ ജോലികൾ
നിലവിൽ ആരംഭിച്ചിട്ടില്ല എന്നും സംവിധായകൻ വ്യക്തമാക്കി. താൻ മറ്റൊരു സിനിമയുടെ പ്ലാനിൽ ആണെന്നും, അതിനുശേഷം മാത്രമായിരിക്കും ‘കണ്ണൂർ സ്‌ക്വാഡ്’ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ടുള്ള ആലോചനകൾ ആരംഭിക്കുക എന്നും റോബി പറഞ്ഞു. എന്തുതന്നെയായാലും, സംവിധായകന്റെ ശുഭപ്രതീക്ഷ നൽകുന്ന സൂചന, ആരാധകരെ സംബന്ധിച്ചിടത്തോളം ആകാംക്ഷ സമ്മാനിക്കുന്നതാണ്.
Read Also: മോളിവുഡിൽ പുതു ചരിത്രം കുറിച്ച് ‘മലൈക്കോട്ടൈ വാലിബൻ’!! ടീസർ ഏറ്റെടുത്ത് ആരാധകർ