Bramayugam ott rights: മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പരീക്ഷണ ചിത്രം എന്ന ലേബലിൽ ആണ് റിലീസിന് മുൻപ് നിരൂപകർ ഈ ചിത്രത്തെ കണ്ടിരുന്നതെങ്കിലും, പ്രേക്ഷകർ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ
ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റം ആണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഫെബ്രുവരി 15-ന് തിയേറ്ററിൽ എത്തിയ ‘ഭ്രമയുഗം’, ആറു ദിവസങ്ങൾ പിന്നിടുമ്പോൾ ഏകദേശം 35 കോടി രൂപയോളം വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയതായിയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു.
നൈറ്റ് ഷിറ്റ് സ്റ്റുഡിയോസ്, വൈനോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ‘ഭ്രമയുഗം’-ത്തിന്റെ ഒടിടി അവകാശം സോണി ലിവ് സ്വന്തമാക്കിയതായിയാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. അതും മലയാള ഫിലിം ഇൻഡസ്ട്രിയിലെ റെക്കോർഡ് തുക രേഖപ്പെടുത്തിക്കൊണ്ട്, 30 കോടി രൂപയോളം സോണി ലിവ് ‘ഭ്രമയുഗം’ നിർമ്മാതാക്കൾക്ക് നൽകി എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.
എന്നാൽ, ഇത് വസ്തുതാ വിരുദ്ധമാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര. ഇക്കാര്യവുമായി ബന്ധപ്പെട്ട് എക്സ് പ്ലാറ്റ്ഫോമിൽ വന്ന ഒരു പോസ്റ്റിന് മറുപടിയായി നിർമ്മാതാവ് ഇങ്ങനെ കുറിച്ചു, “ഇത് ഒട്ടും സത്യമല്ല. സിനിമ ആസ്വദിക്കൂ, അതിലെ മികച്ച പ്രതിഭകളെ അഭിനന്ദിക്കൂ.” ഇതോടെ ‘ഭ്രമയുഗം’ ഒടിടിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ് എന്ന് വ്യക്തമായിരിക്കുകയാണ്.