Bollywood director Hansal Mehta praise acting of Mammootty: വൈവിധ്യമാർന്ന വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ പുലർത്താറുള്ള നടനാണ് മമ്മൂട്ടി. കഴിഞ്ഞ വർഷത്തെ മമ്മൂട്ടി സിനിമകൾ മാത്രം നോക്കിയാൽ തന്നെ, എത്ര മനോഹരമായതും വ്യത്യസ്തമായതുമായ കഥാപാത്രങ്ങളാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കും.
മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ‘കാതൽ – ദി കോർ’ മികച്ച പ്രേക്ഷക സ്വീകാര്യതയും, നിരൂപക പ്രശംസയും നേടിയ സിനിമയാണ്. അതിൽ മമ്മൂട്ടി അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രത്തിന് എല്ലാ കോണുകളിൽ നിന്നും പ്രശംസ ലഭിക്കുകയുണ്ടായി. ഇപ്പോൾ, ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ച ശേഷവും, മമ്മൂട്ടിക്ക് എത്തുന്ന പ്രശംസകൾ തുടരുകയാണ്.
ദേശീയ പുരസ്കാര ജേതാവായ ബോളിവുഡ് സംവിധായകൻ ഹൻസൽ മേത്ത, ‘കാതൽ – ദി കോർ’ കണ്ട ശേഷം പ്രതികരിച്ചത് ഇങ്ങനെ, “കാതൽ – ദി കോർ സ്വയം സ്നേഹിക്കാനുള്ള വളരെ ആർദ്രവും സ്നേഹപൂർവകവുമായ ഒരു മുദ്രാവാക്യമാണ്. തന്റെ ബൃഹത്തായ കരിയറിൽ, ഇത് ശരിക്കും മമ്മൂട്ടിയുടെ ഒരു മൊമന്റ് ആണ്. ഞങ്ങളുടെ ഏറ്റവും മികച്ച ഒന്നിൽ നിന്ന് എത്ര മനോഹരമായ പ്രകടനം,” ഹൻസൽ മേത്ത തുടർന്നു.
“നിങ്ങളെ ചലിപ്പിക്കുന്ന സത്യസന്ധതയും സഹാനുഭൂതിയും കൊണ്ട് ജ്യോതിക ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവരെ കൂടുതൽ തവണ കാണണം. മഹത്തായ സമന്വയം. ഗംഭീര സംവിധായകനാണ് ജിയോ ബേബി. [നമ്മൾ] ഒരുപാട് പഠിക്കാനുണ്ട്,” ‘ഷാഹിദ്’, ‘സിമ്രാൻ’ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇതിഹാസ സംവിധായകൻ കൂട്ടിച്ചേർത്തു. ഹൻസൽ മേത്ത സംവിധാനം ചെയ്ത ‘സ്കൂപ്’ എന്ന സീരീസ് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു.