ബിഗ് ബോസ് എന്നെ മൂന്ന് ദിവസം ഒരു റൂമിൽ പൂട്ടിയിട്ടു!! ഷോക്കെതിരെ കടുത്ത ആരോപണങ്ങളുമായി സിബിൻ

Bigg Boss Malayalam contestant Sibin speaks against the show: ബിഗ് ബോസ് ഷോക്കെതിരെ കടുത്ത ആരോപണങ്ങളുമായി സീസൺ 6 മത്സരാർത്ഥി സിബിൻ രംഗത്ത് എത്തിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 6-ൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ സിബിൻ, നല്ലൊരു ഇമ്പാക്ട് മത്സരത്തിൽ സൃഷ്ടിച്ചിരുന്നു. തുടക്കത്തിൽ പ്രേക്ഷകരിൽ നിന്ന്

നല്ല പ്രതികരണങ്ങളും താരത്തിന് ലഭിക്കുകയുണ്ടായി. എന്നാൽ, പിന്നീട് അപ്രതീക്ഷിതവും അസ്വാഭാവികവുമായ ചില സംഭവ വികാസങ്ങളാണ് കാണാൻ സാധിച്ചത്. മെന്റലി ഡൗൺ ആയ സിബിൻ, ഒന്നിലധികം ദിവസങ്ങൾ തന്റെ പ്രശ്നങ്ങൾ പ്രകടമാക്കിക്കൊണ്ടുതന്നെ ബിഗ് ബോസ് വീട്ടിൽ തുടർന്നു. എന്നാൽ പിന്നീട് ഒരു എപ്പിസോഡിൽ, ആരോഗ്യ പ്രശ്നങ്ങളാൽ സിബിൻ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായതായി ബിഗ് ബോസ് അറിയിക്കുകയായിരുന്നു. ഇതിന് ശേഷം ബിഗ് ബോസിനെതിരെ തനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന് 

സിബിൻ പലപ്പോഴായി ഓൺലൈൻ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. ഇന്ന് ബിഗ് ബോസിനെതിരെ ചില ആരോപണങ്ങൾ തുറന്നടിച്ചിരിക്കുകയാണ് സിബിൻ. ബിഗ് ബോസിന്റെ ചില തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിക്കുകയും, സഹ മത്സരാർത്ഥികളുമായി ഇക്കാര്യം പങ്കുവെക്കുകയും ചെയ്തതിന്റെ പകപോക്കൽ ആണ് ബിഗ് ബോസ് തന്നോട് നടത്തിയത് എന്നാണ് സിബിന്റെ ആരോപണം. തന്നെ ഒരു മുറിയിൽ മൂന്ന് ദിവസത്തോളം പൂട്ടിയിട്ടു എന്ന് ആരോപിക്കുന്ന സിബിൻ, 

തനിക്ക് ഉറക്കം വരെ അവർ നിഷേധിച്ചു എന്നും പറയുന്നു. പിന്നീട് ഉറക്കം ഗുളിക എന്ന പേരിൽ തനിക്ക് 3 ഗുളികകൾ നൽകി എന്നും സിബിൻ ആരോപിക്കുന്നു. മാത്രമല്ല ഈ വേളയിൽ തന്റെ വീട്ടിലേക്ക് വിളിച്ച്, തനിക്ക് മാരകമായ അസുഖം ആണെന്നും സഹ മത്സരാർത്ഥികളെ ആക്രമിക്കുന്ന പ്രവണതയാണ് കാണിക്കുന്നത് എന്നും ബിഗ് ബോസിലെ വ്യക്തികൾ അറിയിച്ചു എന്നും സിബിൻ പറയുന്നു. സിബിൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയതായി ആണ് പറയുന്നത്. 

Bigg BossMohanlalSibin
Comments (0)
Add Comment