“ഇതിലും മികച്ച എതിരാളികളില്ല” അഫ്ഘാൻ മത്സരശേഷം ഇന്ത്യക്ക് വാണിംഗ് നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

Australian captain Mitchell Marsh confident ahead of must-win game against India: ടി20 ലോകകപ്പിൽ അപ്രതീക്ഷിതമായ മത്സരഫലങ്ങൾ ആണ് ഓരോ ദിവസവും വന്നുചേരുന്നത്. ഇത് സെമിഫൈനൽ ലൈനപ്പ് അറിയാനുള്ള ആരാധകരുടെ ആകാംക്ഷയും പ്രതീക്ഷയും വർദ്ധിപ്പിക്കുന്നു. ബംഗ്ലാദേശിനെതിരെ കഴിഞ്ഞദിവസം  ഇന്ത്യ ജയിച്ചപ്പോൾ, ഓസ്ട്രേലിയ – അഫ്‌ഘാനിസ്ഥാൻ മത്സരത്തിലേക്ക് ആയിരുന്നു

ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ മുഴുവൻ. ഓസ്ട്രേലിയ അഫ്‌ഘാനിസ്ഥാനെ പരാജയപ്പെടുത്തിയാൽ, ഇന്ത്യ സെമി ഫൈനൽ പ്രവേശനം ഉറപ്പാക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഇന്ത്യൻ ആരാധകർ. എന്നാൽ, വമ്പൻമാരായ ഓസ്ട്രേലിയയെ അഫ്‌ഘാനിസ്ഥാൻ 21 റൺസിന് പരാജയപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായിയാണ് അഫ്‌ഘാനിസ്ഥാൻ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുന്നത്. ഈ മത്സരഫലത്തോടെ, ഇനി നടക്കാനിരിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ മത്സരഫലം ഇരു ടീമുകൾക്കും നിർണായകം ആയിരിക്കുന്നു.

ഓസ്ട്രേലിയക്കെതിരെ വിജയിച്ചാൽ ഇന്ത്യക്ക് അനായാസം സെമി ഫൈനലിൽ പ്രവേശിക്കാം. അങ്ങനെ സംഭവിച്ചാൽ ഓസ്ട്രേലിയയുടെ ഭാവി തുലാസിൽ ആവും. എന്നാൽ, ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ്. ഇന്നത്തെ മത്സരത്തിന്റെ മുഴുവൻ ക്രെഡിറ്റും അഫ്‌ഘാനിസ്ഥാന് നൽകിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ, അടുത്ത മത്സരം പ്രധാനമാണെന്നും അതിൽ തങ്ങൾ വിജയിക്കും എന്നും പ്രഖ്യാപിച്ചു. 

“(ഇന്ത്യക്കെതിരെയുള്ള മത്സരം) അത് ഞങ്ങൾക്ക് പ്രധാനവും നിർണായകവും ആണ്. ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ട്, അതിന് വെല്ലുവിളിയാകുന്ന ഇതിലും മികച്ച ഒരു ടീം ഇല്ല,” മിച്ചൽ മാർഷ് പറഞ്ഞു. ഇന്ത്യ വലിയ വെല്ലുവിളി ഉയർത്തുന്ന ടീം ആണെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ശരിവെക്കുന്നുണ്ടെങ്കിലും, തങ്ങൾ പൂർണ്ണ ആത്മവിശ്വാസത്തിലാണ് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാകുന്നത്. തിങ്കളാഴ്ച (ജൂൺ 24) രാത്രി എട്ടുമണിക്കാണ് ഇന്ത്യ-ഓസ്ട്രേലിയ മത്സരം. 

Australia CricketIndian Cricket TeamWorld Cup
Comments (0)
Add Comment