സ്റ്റാർക്ക് കൊടുങ്കാറ്റിൽ ഉലഞ്ഞ് രോഹിത്തും സംഘവും, ഒന്നാം ഇന്നിംഗ്സ് ഓൾഔട്ട്

Australia vs India first innings report: ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ബാറ്റിംഗ് അവസാനിച്ചു. പെർത്തിൽ നടന്ന ഒന്നാം മത്സരത്തിന് സമാനമായി, ചെറിയ ടോട്ടലിൽ ആണ് സന്ദർശകർ അഡ്ലൈഡിൽ പുരോഗമിക്കുന്ന മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ പുറത്തായിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക്‌, മത്സരത്തിലെ ആദ്യ പന്തിൽ തന്നെ കനത്ത തിരിച്ചടി ആണ് നേരിടേണ്ടി വന്നത്. 

കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ഗോൾഡൻ ഡക്കിൽ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. തുടർന്ന് രണ്ടാം വിക്കറ്റിൽ കെഎൽ രാഹുലും ശുഭ്മാൻ ഗില്ലും ചേർന്ന് 69 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. രാഹുൽ (37), ഗിൽ (31) എന്നിവർ ഭേദപ്പെട്ട സംഭാവന നൽകിയപ്പോൾ, വിരാട് കോഹ്ലി (7) അതിവേഗം മടങ്ങി. ഋഷഭ് പന്തിനും (21) ടീമിന് കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. രണ്ടാം മത്സരത്തിലൂടെ പരമ്പരയിൽ തിരിച്ചെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, 

ഏറെ കാലത്തിന് ശേഷം ഓപ്പണിങ് സ്ഥാനം മാറ്റി പരീക്ഷിച്ചു. രാഹുൽ – ജയ്സ്വാൽ ഓപ്പണിങ് സഖ്യം ഒന്നാം ടെസ്റ്റ് മത്സരത്തിൽ വിജയകരമായതിനാൽ, അത് തകർക്കാതെ ആറാം നമ്പറിലാണ് രോഹിത് ശർമ ഇറങ്ങിയത്. എന്നാൽ, 3 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ സാധിച്ചത്. ദേവ്ദത് പടിക്കലിന് പകരക്കാരനായിയാണ് രോഹിത് ടീമിൽ സ്ഥാനം നേടിയത്. 42 റൺസ് എടുത്ത നിതീഷ് കുമാർ റെഡ്ഡി ആണ് ഇന്ത്യൻ ടീമിന്റെ ടോപ്പ് സ്കോറർ. വാഷിംഗ്‌ടൺ സുന്ദറിന് പകരം ടീമിൽ തിരിച്ചെത്തിയ

ആർ അശ്വിൻ (22) അവസാന വേളയിൽ മികച്ച ചെറുത്തുനിൽപ്പ് നടത്തി. 6 വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ആണ് ഇന്ത്യൻ ടീമിന്റെ നടു ഒടിച്ചത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ബോളണ്ട് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ വെറും 44.1 ഓവറിൽ 180 റൺസിന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. എന്നാൽ, പെർത്തിൽ നടന്ന മത്സരത്തിന് സമാനമായി ചെറിയ ടോട്ടലിൽ ആതിഥയരുടെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. 

Australia CricketIndian Cricket TeamRohit Sharma
Comments (0)
Add Comment