Meera Nandan marriage video: നടി മീര നന്ദൻ വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. വരൻ ശ്രീജു. കഴിഞ്ഞ ദിവസങ്ങളിൽ മീര സോഷ്യൽ മീഡിയയിൽ തന്റെ മെഹന്തി, ഹൽദി തുടങ്ങിയ പ്രീ വെഡിങ് സെലിബ്രേഷനുകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ താരത്തിന്റെ വിവാഹ വീഡിയോ പുറത്തുവന്നിരിക്കുന്നു. ഗുരുവായൂരപ്പന്റെ മുന്നിൽ ശ്രീജു മീരക്ക് താലി ചാർത്തി.
ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വർഷം കഴിഞ്ഞതാണ്. ലണ്ടനിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയാണ് ശ്രീജു. മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന മീര നന്ദൻ നിലവിൽ, ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുള്ളതിനാൽ, തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ട താരമാണ് മീര നന്ദൻ. താരത്തിന്റെ വിവാഹം ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്നതാണ്.
2008-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെയാണ് മീര നന്ദൻ സിനിമ കരിയർ ആരംഭിച്ചത്. ദിലീപിന്റെ നായികയായി സിനിമ അരങ്ങേറ്റം കുറിച്ച മീര നന്ദൻ, പിന്നീട് നായികയായും സഹതാരമായും എല്ലാം മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു. കറൻസി, പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിംഗ്, മൈലാഞ്ചി മൊഞ്ചുള്ള വീട്, അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ എന്നിങ്ങനെ നിരവധി മലയാള സിനിമകളിൽ മീര അഭിനയിച്ചിട്ടുണ്ട്.
ടെലിവിഷൻ അവതാരികയായിയാണ് മീര നന്ദൻ കരിയർ ആരംഭിച്ചത്. ഐഡിയ സ്റ്റാർ സിംഗർ, മഞ്ഞിൽ വിരിഞ്ഞ താരം, വിവൽ ബിഗ് ബ്രേക്ക്, ലാൽസലാം, കുക്ക് വിത്ത് കോമഡി എന്നിങ്ങനെ വിവിധ ടെലിവിഷൻ പരിപാടികളിൽ അവതാരികയായും വിധികർത്താവായും എല്ലാം മീര നന്ദൻ പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട മീര നന്ദൻ വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്.