Actress Aparna Das and Deepak Parambol wedding: നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഇരുവരും അടുത്തിടെയാണ് അവരുടെ പ്രണയം പ്രേക്ഷകരോട് തുറന്നുപറഞ്ഞത്. ഉടൻതന്നെ വിവാഹം ഉണ്ടാകും എന്നും അറിയിച്ചിരുന്നു. ഇന്ന് കാലത്ത് ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് ദീപക് അപർണയെ താലി ചാർത്തിയത്. ഇവരുടെയും അടുത്ത കുടുംബാംഗങ്ങൾ വിവാഹത്തിൽ പങ്കാളികളായി.
കണ്ണൂർ സ്വദേശിയാണ് ദീപക്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. നിരവധി സിനിമകൾ ചെയ്തിട്ടുള്ള ഇരു അഭിനേതാക്കളും, അൻവർ സാദിക്ക് സംവിധാനം ചെയ്ത ‘മനോഹരം’ എന്ന ചിത്രത്തിലാണ് ഒരുമിച്ച് അഭിനയിച്ചത്. 2010-ൽ ‘മലർവാടി ആർട്സ് ക്ലബ്’-ലൂടെ വിനീത് ശ്രീനിവാസൻ സിനിമ രംഗത്തേക്ക് കൊണ്ടുവന്നതാണ് ദീപക്കിനെ. ശേഷം ‘തട്ടത്തിൻ മറയത്ത്’, ‘കണ്ണൂർ സ്‌ക്വാഡ്’ ഉൾപ്പെടെ നിരവധി സിനിമകളുടെ ഭാഗമായി.
ഏറ്റവും ഒടുവിൽ മലയാളത്തിലെ വലിയ വിജയമായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലും ദീപക്ക് അഭിനയിച്ചിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലും ദീപക് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും അപർണ സജീവമാണ്. വിജയ് നായകനായി എത്തിയ ‘ബീസ്റ്റ്’ എന്ന ചിത്രത്തിൽ അപർണ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
‘സീക്രെട് ഹോം’ എന്ന ചിത്രത്തിലാണ് അപർണ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. തെലുങ്കിലും തന്റെ സാന്നിധ്യം അപർണ ഇതിനോടകം അറിയിച്ചിട്ടുണ്ട്. അപർണയുടെയും ദീപക്കിന്റെയും വിവാഹം മലയാള സിനിമ ലോകത്തെ മറ്റൊരു താര വിവാഹമായി മാറി. വിവാഹത്തിനു ശേഷമുള്ള സൽക്കാരത്തിൽ ധാരാളം സെലിബ്രിറ്റികൾ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.