“ആഹ്ലാദകരമായ നിമിഷങ്ങൾ” മകളുടെ വിവാഹ വീഡിയോ പങ്കുവെച്ച് സുരേഷ് ഗോപി
Suresh Gopi shares Shreyas Mohan and Bhagya Suresh wedding video: ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ശ്രേയസ് മോഹനും വിവാഹിതരായി. താര കുടുംബത്തിലെ ഈ വിവാഹം ഇന്ന് വാർത്തകളിൽ നിറഞ്ഞു നിന്നു. മലയാള സിനിമ ലോകത്തെ പ്രമുഖ താരങ്ങൾ കുടുംബസമേതം പങ്കെടുത്ത ചടങ്ങ്, കാഴ്ചക്കാർക്ക് സന്തോഷകരമായ വിരുന്നായി.
മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങളും, വിവാഹത്തിന് മുന്നേ നടന്ന ഹൽദി, സംഗീതനിശ തുടങ്ങിയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സുരേഷ് ഗോപി തന്നെ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരുന്നു. താലികെട്ടിന്റെ ചിത്രങ്ങൾ സുരേഷ് ഗോപി പങ്കുവെക്കുകയും, തന്റെ സന്തോഷം കുറിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, വിവാഹ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി.
വിവാഹ ചടങ്ങുകളും തുടർന്നുള്ള സൽക്കാര വിരുന്നും ഉൾപ്പെടെ ഇന്ന് കാലത്ത് മുതൽ നീണ്ടുനിന്ന വിവാഹ ദിനം പരിസമാപ്തി ആയിരിക്കുകയാണ്. ഇപ്പോൾ, പ്രധാന കാഴ്ചകൾ ഒപ്പിയെടുത്തുകൊണ്ടുള്ള വിവാഹ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. അതോടൊപ്പം, “ആഹ്ലാദകരമായ നിമിഷങ്ങൾ,” എന്ന തലക്കെട്ടോട് കൂടി സുരേഷ് ഗോപി ഇങ്ങനെ കുറിച്ചു,
“ദി ബിഗ് ഡേ! ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹത്തിലെ ഏറ്റവും മനോഹരവും അനുഗ്രഹീതവുമായ നിമിഷങ്ങൾ ഇതാ. നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും വളരെ നന്ദി.” സുരേഷ് ഗോപി പങ്കുവെച്ച വീഡിയോയിൽ, മണ്ഡപത്തിലേക്ക് ഭാഗ്യയെ സുരേഷ് ഗോപി കൈപ്പിടിച്ച് കയറ്റുന്നതും, താലികെട്ടും, നരേന്ദ്രമോദി ദമ്പതികളുടെ കൈപിടിച്ചു നൽകുന്നതും, മമ്മൂട്ടി മോഹൻലാൽ ഉൾപ്പെടെയുള്ള അതിഥികളെയും എല്ലാം കാണാൻ സാധിക്കുന്നു.