Suresh Gopi daughter marriage

ഭാഗ്യ സുരേഷ് വിവാഹിതയായി!! ഗുരുവായൂർ കണ്ണന്റെ സന്നിധിയിൽ ശ്രേയസ് ഭാഗ്യക്ക് താലി ചാർത്തി

Suresh Gopi daughter marriage: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ നടന്ന ചടങ്ങിലാണ്, വരൻ ശ്രേയസ് ഭാഗ്യക്ക് താലി ചാർത്തിയത്. താരനിബിഡമായ വിവാഹ ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി, മലയാള സിനിമാ ലോകത്തെ മെഗാസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ചുവപ്പ് സാരിയിൽ ആണ് ഭാഗ്യ സുരേഷ് വിവാഹ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. അച്ഛൻ സുരേഷ് ഗോപിയുടെ കൈപ്പിടിച്ച് ഭാഗ്യ കതിർമണ്ഡപത്തിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാഗ്യയേയും വരൻ ശ്രേയസിനെയും അനുഗ്രഹിച്ചു. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ഷാജി കൈലാസ്, ഖുശ്ബു, ആനി, സുകന്യ തുടങ്ങി മലയാള സിനിമയിലെ താരങ്ങൾ എല്ലാവരും ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് സാക്ഷികളായി.

താരങ്ങളായ അതിഥികൾക്ക് പുറമെ, സുരേഷ് ഗോപിയുടെ മറ്റു ബന്ധുമിത്രാദികളും വിവാഹ ചടങ്ങിൽ പങ്കാളികളായി.ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന താലികെട്ടിന് ശേഷം, അടുത്തുള്ള മണ്ഡപത്തിൽ അതിഥികൾക്ക് വിരുന്ന് ഒരുക്കിയിട്ടുണ്ട്. സുരക്ഷാ നിയന്ത്രണങ്ങളാൽ പ്രധാനമന്ത്രി വിരുന്നിൽ പങ്കെടുക്കില്ല. നവ വരനെയും വധുവിനെയും അനുഗ്രഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് തൃപ്രയാർ ക്ഷേത്രത്തിലേക്ക് പോകും. അതേസമയം, മമ്മൂട്ടി, മോഹൻലാൽ

ഉൾപ്പെടെയുള്ള താരങ്ങൾ വിരുന്നിൽ പങ്കെടുക്കും. ഇന്നത്തെ വിവാഹ ചടങ്ങിനും സൽക്കാരത്തിനും ശേഷം, ജനുവരി 19, 20 തീയതികളിലായി യഥാക്രമം കൊച്ചിയിലും തിരുവനന്തപുരത്തും സുരേഷ് ഗോപി ഗ്രാൻഡ് വിരുന്ന് ഒരുക്കുന്നുണ്ട്. സെലിബ്രിറ്റികൾക്കും, സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും ആണ് ഈ തീയതികളിൽ വിവാഹ വിരുന്ന് ഒരുക്കുന്നത്.