വെസ്റ്റ് ഇൻഡീസ് കരുത്തിനെ മറികടന്ന് ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമി ഫൈനലിലേക്ക്
South Africa Defeats West Indies to Reach T20 World Cup Semi-Finals: ആവേശകരമായ ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇൻഡീസ് ടി20 ലോകകപ്പ് മത്സരത്തിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക സെമി ഫൈനലിലേക്ക് പ്രവേശനം നേടി. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ്, 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് ആണ് കണ്ടെത്തിയത്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി റോസ്റ്റൻ ചേസ് (52) അർദ്ധ സെഞ്ച്വറിയും കയിൽ മയേഴ്‌സ് (35) ഭേദപ്പെട്ട പ്രകടനവും കാഴ്ചവച്ചു. എന്നാൽ, മറ്റു ബാറ്റർമാർക്ക് ഒന്നും തന്നെ കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ 3 വിക്കറ്റുകൾ വീഴ്ത്തി ഷംസി മികവ് കാട്ടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് അത്ര നല്ല തുടക്കം ലഭിച്ചില്ല. ആദ്യ രണ്ട് ഓവറുകൾ പിന്നിടുമ്പോഴേക്കും ഓപ്പണർമാരെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി.
എന്നാൽ, മത്സരം പുരോഗമിക്കുന്നതിനിടെ മഴ വില്ലനായി എത്തി. കളി കുറച്ചുനേരം തടസ്സപ്പെടുത്തി മഴ പിൻവാങ്ങിയപ്പോൾ, ടാർഗറ്റ് സ്കോറും ഓവറും പുതുക്കി നിശ്ചയിച്ചു. 17 ഓവറുകൾ ആയി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 123 ആയി പുനക്രമീകരിച്ചു. ട്രിസ്റ്റൻ സ്റ്റബ്സ് (29), ഹെൻറിച്ച് ക്ലാസൻ (22), മാർക്കോ ജാൻസൻ (21*) എന്നിവർ ദക്ഷിണാഫ്രിക്കൻ നിരയിൽ അവസരത്തിനൊത്ത് സംഭാവന നൽകിയപ്പോൾ,
South Africa and England confirm their places in the T20 World Cup semi-finals 🔥 pic.twitter.com/JkIHeGM00c
— Sky Sports Cricket (@SkyCricket) June 24, 2024
16.1 ഓവറിൽ ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നു. ഇതോടെ ആതിഥേയരായ വെസ്റ്റ് ഇൻഡീസ് ലോകകപ്പിന്റെ സെമിഫൈനൽ കാണാതെ പുറത്തായി. അപരാജിതരായി തുടരുന്ന ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ലോകകപ്പ് നേടാൻ സാധ്യത കൽപ്പിച്ചിരുന്ന ടീമുകളിൽ ഒന്നായിരുന്നു വെസ്റ്റിൻഡീസ്. എന്നാൽ കടുപ്പമേറിയ ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ആണ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്.