പ്രഥമ റംല ബീഗം പുരസ്‌കാര ജേതാവായി മാപ്പിളപ്പാട്ട് ഗായിക ഫാസില ബാനു
Singer Fazila Banu has won the first Ramla Beegum award : കഴിഞ്ഞ സെപ്റ്റംബറിൽ അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് ഗായിക റംല ബീഗത്തിന്റെ പേരിലുള്ള പ്രഥമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2023 സെപ്റ്റംബർ 27-നാണ് 83 വയസ്സുകാരിയായിരുന്ന റംല ബീഗം ഈ ലോകത്തോട് വിട പറഞ്ഞത്. മാപ്പിളപ്പാട്ട് ലോകത്ത് തന്റേതായ ഒരു ഇടം സൃഷ്ടിച്ച
ചുരുക്കം ഗായികമാരിൽ ഒരാളാണ് റംല ബീഗം. കണ്ണൂർ കേരള മാപ്പിള കലാശാലയാണ് റംല ബീഗത്തിന്റെ പേരിൽ പുരസ്കാരങ്ങൾ നൽകാൻ നിശ്ചയിച്ചിരിക്കുന്നത്. ‘യൂത്ത് സോഷ്യൽ സ്റ്റാർ’ എന്ന കാറ്റഗറിയിൽ പ്രഥമ റംല ബീഗം പുരസ്കാര ജേതാവ് ആയിരിക്കുകയാണ് ഗായിക ഫാസില ബാനു. ഇന്ന് സ്റ്റേജ് പ്രോഗ്രാമുകളിൽ തിളങ്ങി നിൽക്കുന്ന ഫാസില ബാനുവിന് വലിയ ആരാധക പിന്തുണയാണ് ഉള്ളത്.
ടെലിവിഷൻ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിലൂടെയാണ് ഫാസില ബാനു ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്, ആൽബം മേഖലയിലും, സ്റ്റേജ് പരിപാടികളിലും ഫാസില ബാനു സജീവമാവുകയായിരുന്നു. ഇന്ന് താരത്തിന് സ്വന്തമായി ഒരു ബാൻഡ് തന്നെ ഉണ്ട്. പ്രമുഖ മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂർ ശരീഫ്, കൊല്ലം ഷാഫി തുടങ്ങിയവർക്കൊപ്പം എല്ലാം ഫാസില ബാനു ആൽബങ്ങൾ ചെയ്തിട്ടുണ്ട്.
പ്രഥമ റംല ബീഗം പുരസ്കാരം ലഭിച്ച സന്തോഷം ഫാസില ബാനു തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചു. വി ടി മുരളി, കെ പി കെ വെങ്ങര, സി വി എ കുട്ടി ചെറുവാടി, സിബെല്ല സദാനന്ദ്, അഹമ്മദ് പി സിറാജ് എന്നിവരാണ് പ്രഥമ റംല ബീഗം പുരസ്കാര ജേതാക്കളെ നിശ്ചയിച്ച ജൂറി പാനൽ. മാപ്പിളപ്പാട്ടിന്റെ മാധുര്യമായി വിശേഷിപ്പിക്കുന്ന റംല ബീഗത്തിന് ഉള്ള ഒരു ആദരം കൂടിയാണ് ഈ പുരസ്കാര വിതരണം.
Read Also: ഹലോ കുട്ടിച്ചാത്തൻ സീരിയലിലെ കുഞ്ഞു താരം വെള്ളിത്തിരയിലേക്ക്