“ഞാൻ അതിന് അടുത്തല്ലെന്ന് എനിക്കറിയാമായിരുന്നു” ലോകകപ്പ് ടീമിൽ ഉൾപ്പെട്ടതിനെ കുറിച്ച് സഞ്ജു സാംസൺ

Sanju Samson speaks about t20 world cup selection

Sanju Samson speaks about t20 world cup selection: വളരെ കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസന് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് ഒരു ലോകകപ്പിൽ കളിക്കാൻ ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്. നേരത്തെ, ഏകദിന, ടി20 ലോകകപ്പുകൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും, അവസാനം നിമിഷം പല കാരണങ്ങളാൽ തഴയുന്ന കാഴ്ചയാണ് കണ്ടിരുന്നത്. 

എന്നാൽ, ഐപിഎല്ലിൽ ഉൾപ്പെടെ സഞ്ജു കാഴ്ചവെച്ച ബാറ്റിംഗ് പ്രകടനം ഇത്തവണ അദ്ദേഹത്തിന് തുണയായി. ടീമിലെ രണ്ട് വിക്കറ്റ് കീപ്പർമാരിൽ ഒരു സ്ഥാനമാണ് സഞ്ജു നേടിയിരിക്കുന്നത്. ഋഷഭ് പന്തിനൊപ്പം സഞ്ജു ഈ സ്ഥാനത്ത് എത്തിയെങ്കിലും, ലോകകപ്പിൽ അദ്ദേഹത്തിന് കളിക്കാൻ എത്രമാത്രം അവസരം ലഭിക്കും എന്ന കാര്യത്തെക്കുറിച്ച് ആരാധകർ ആശങ്കയിലാണ്. അതേസമയം, ഇതു സംബന്ധിച്ച് സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ,

“ലോകകപ്പ് സെലക്ഷൻ വളരെ വൈകാരികമായിരുന്നു, ഞാൻ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. ഞാൻ തിരഞ്ഞെടുക്കപ്പെടുന്നതിന് അടുത്തല്ലെന്ന് എനിക്കറിയാമായിരുന്നു. അവിടെയെത്താൻ ഐപിഎല്ലിൽ ശരിക്കും എന്തെങ്കിലും ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. അന്ന് മുതൽ ഞാൻ ഫോൺ പൂർണ്ണമായി ഉപേക്ഷിച്ചു.”

ലോകകപ്പ് ടീമിൽ ഉൾപ്പെടുക എന്നത് തന്നെ വലിയ നേട്ടമാണ്. അതിൽ സഞ്ജു സാംസൺ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ പ്രകടമാണ്. എന്നിരുന്നാലും, ഇത്തവണത്തെ ടി20 ലോകകപ്പിൽ ഒരു ടീമിന് ധാരാളം മത്സരങ്ങൾ കളിക്കേണ്ടി വരും എന്നതിനാൽ തന്നെ, സഞ്ജുവിനും കളിക്കാൻ അവസരം ലഭിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.