Sanju Samson likely to feature in Super 8 match vs Bangladesh

ബംഗ്ലാദേശിനെതിരെ സഞ്ജു സാംസൺ കളിക്കും? സൂചന നൽകി രോഹിത് ശർമ്മയും രാഹുൽ ദ്രാവിഡും

Sanju Samson likely to feature in Super 8 match vs Bangladesh hints Rohit Sharma and Rahul Dravid

Sanju Samson likely to feature in Super 8 match vs Bangladesh: ടി20 ലോകകപ്പിലെ സൂപ്പർ 8 റൗണ്ടിലെ രണ്ടാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:00 മണിക്ക് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശ് ആണ് ഇന്ത്യയുടെ എതിരാളികൾ. ലോകകപ്പിന്റെ തുടക്കം മുതൽ പ്ലെയിങ് ഇലവനിൽ മാറ്റം വരുത്താത്ത ഇന്ത്യ, ബംഗ്ലാദേശിനെതിരായ മത്സരത്തിൽ മാറ്റങ്ങൾക്ക് തയ്യാറാകും

എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മലയാളി ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്, സഞ്ജു സാംസണിന്റെ ലോകകപ്പ് അരങ്ങേറ്റത്തിന് വേണ്ടിയാണ്. ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, സഞ്ജു സാംസൺ ബംഗ്ലാദേശിനെതിരെ കളിച്ചേക്കും. രണ്ട് മാറ്റങ്ങൾക്കാണ് പ്രധാനമായും നേരത്തെ സാധ്യത കൽപ്പിച്ചിരുന്നത്. ഫോം ഔട്ട് ആയി തുടരുന്ന വിരാട് കോഹ്ലി പകരം പുതിയ ഓപ്പണർ, മധ്യനിരയിൽ മോശം ബാറ്റിംഗ് പ്രകടനം തുടരുന്ന ശിവം ഡ്യൂബെയുടെ പകരക്കാരൻ. 

എന്നാൽ, ഇപ്പോൾ ലഭ്യമാകുന്ന റിപ്പോർട്ടുകൾ പ്രകാരം സെമി ഫൈനൽ ബർത്ത് ഉറപ്പിക്കാൻ നിർണായകമായ മത്സരത്തിൽ, രോഹിത് – കോഹ്ലി ഓപ്പണിങ് സഖ്യത്തിൽ അഴിച്ചുപണി നടത്താൻ ടീം മാനേജ്മെന്റ് തയ്യാറായേക്കില്ല. ഇതോടെ യശാവി ജയ്സ്വാൽ അവസരം കാത്ത് ബെഞ്ചിൽ തന്നെ തുടരേണ്ടി വരും. അതേസമയം, ഡ്യൂബെക്ക്‌ പകരം സ്പെഷ്യലിസ്റ്റ് ബാറ്റർ ആയി സഞ്ജു സാംസൺ കളിക്കും എന്നാണ് കരുതുന്നത്. 

മത്സരത്തിന് മുന്നേ രണ്ട് മണിക്കൂർ നേരമാണ് സഞ്ജു സാംസൺ പരിശീലനത്തിൽ ഏർപ്പെട്ടത്. ക്യാപ്റ്റൻ രോഹിത് ശർമ, പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നിവർ സഞ്ജുവിന്റെ പ്രാക്ടീസ് സെഷൻ സൂക്ഷ്മമായി നിരീക്ഷിച്ചതായി RevSportz റിപ്പോർട്ട് ചെയ്തു. ഇത് സഞ്ജുവിനെ കളിപ്പിക്കാൻ ഉള്ള സൂചനയാണ് നൽകുന്നത് എന്നാണ് ദേശീയ കായിക മാധ്യമങ്ങൾ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ, ഏറെക്കാലമായി സഞ്ജുവും അദ്ദേഹത്തിന്റെ ആരാധകരും കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ലോകകപ്പ് അരങ്ങേറ്റത്തിന് ഇന്നത്തെ മത്സരം വേദിയാകും.